1. സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.കിഴക്കൻ കാറ്റ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് ഉള്ളത്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
2. ആലപ്പുഴയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടുബന്ധിച്ച് കലവൂർ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കയർ വ്യവസായവുമായി ബന്ധപ്പെട്ട് യോഗത്തിലുയർന്ന ആശങ്കകളോട് മുഖ്യമന്ത്രി പ്രതികരിച്ചു. ഉല്പന്ന വൈവിധ്യവത്കരണമാണ് കയർ മേഖലയ്ക്കാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
3. വൈക്കത്തെ റേഷൻകടകളിൽ ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നതായ ആരോപണത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. 20 ചാക്ക് അരിയിൽ ഈർപ്പമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുമുണ്ട്. ഇത് മാറ്റി നൽകാൻ നിർദ്ദേശം നൽകി. ഇങ്ങനെ സംഭവിക്കാനിടയായ സാഹചര്യം പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി റേഷൻ കടകളിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണ പരിശോധന ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
4. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ 19 ന് ഒരു ദിവസത്തെ മുയൽ വളർത്തൽ പരിശീലനം നൽകുന്നു. താൽപ്പര്യമുളള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുളള കർഷകർ ഡിസംബർ 18ന് മുമ്പായി 04972 763473 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.