എറണാകുളം: എയർ കണ്ടിഷൻ ചെയ്ത ഓപ്പറേഷൻ തിയറ്റർ, കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, രോഗനിർണയ പരിശോധന, സ്കാനിങ് സംവിധാനം, ശാസ്ത്രക്രിയ,പെറ്റ് ഗ്രൂമിങ് സംവിധാനവും ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെ വീട്ടിലെ അരുമ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി ഇനിയൊരു ഹൈെടെക് സഞ്ചരിക്കുന്ന മൃഗാശുപത്രി. മൃഗസ്നേഹികൾക്ക് ആഹ്ലാദം തോന്നുന്നില്ലേ ?അതെ. ആലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റ് ഈ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.
വ്യാഴാഴ്ച 20.5.2020 ന് രാവിലെ ഈ ഹൈടെക് മൊബൈൽ മൃഗാശുപത്രിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഈ രീതിയിലുള്ള ആദ്യ സംരംഭമാണ്. ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് വെറ്ററിനറി സർവീസസിന്റെ ഈ പുതിയ സംരംഭത്തിൽ എല്ലാ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
പ്രിയ പ്രകാശൻ എന്ന സംരംഭകയാണ് ശ്രദ്ധ ക്ലിനിക് എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. കേരള കാർഷിക സർവകലാശാല കൃഷി മേഖലകളിലുള്ള നവ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച അഗ്രി ക്ലിനിക് ആൻഡ് അഗ്രി ബിസിനസ് സെന്ററിൽ നിന്നാണ് പ്രിയയുടെ ആശയങ്ങൾക്ക് ചിറക് മുളച്ചത്.
നബാർഡിന്റെയും ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മാനേജിന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും ബാങ്ക് ഓഫ് ഇന്ത്യയുടേയും സഹായത്തിലാണ് പദ്ധതി പ്രവർത്തികമായത്.
എ.ബി.സി പദ്ധതിയുടെ നടത്തിപ്പിനായും ഈ പുതിയ വാഹനം ഉപയോഗിക്കാൻ സാധിക്കും. രണ്ട് വെറ്ററിനറി ഡോക്ടർമാരും എട്ടോളം സഹായികളും ക്ലിനിക്കിൽ സേവനത്തിനായി ഉണ്ടാകും.
ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വാഹനം ഇവർ സ്വന്തമായി ഡിസൈൻ ചെയ്തതാണ്. ഇതിന് വേണ്ടിയുള്ള പേറ്റൻ്റ് ലഭിക്കാൻ കാത്തിരിക്കുകയാണ് കുടുംബശ്രീ അംഗങ്ങൾ. ആദ്യ ഘട്ടത്തിൽ ശ്രദ്ധ ക്ലിനികിന്റെ സേവനം എറണാകുളം ജില്ലയിൽ മാത്രമേ ലഭിക്കു എങ്കിലും വൈകാതെ തന്നെ സമീപ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആണ് പദ്ധതിയിടുന്നത്.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിംഗ്, കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. കെ.പി സുധീർ, ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ മഹേഷ്, നബാർഡ് എറണാകുളം ജില്ലാ മാനേജർ അശോക്, കുടുംബശ്രീ അഡീഷണൽ ജില്ലാ മിഷൻ കോർഡിനേറ്റർമാരായ കെ. വിജയം, റെജീന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സഹകരണ ബാങ്കുകളുടെ സഹായത്തോടെ കൃഷിയെ പ്രോത്സാഹിപ്പിച്ച് സുഭിക്ഷ കേരളം പദ്ധതി