തിരുവനന്തപുരം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ സ്ഥാപനം, കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കൺവൻഷൻ 2023 നവംബർ 17, 18 തീയതികളിൽ കോട്ടയം ചങ്ങനാശ്ശേരി മന്നം മെമ്മോറിയൽ എൻ.എസ്സ്. എസ്സ് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
ഹോമിയോപ്പതി ഗവേഷണത്തിലേയും സമ്പ്രദായങ്ങളിലേയും ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രാക്ടീഷണർമാരെയും, വിദ്യാർത്ഥികളെയും അറിയിക്കാൻ ഈ പരിപാടി ലക്ഷ്യമിടുന്നു. കൺവൻഷനിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ അവരുടെ അറിവും ഉൾക്കാഴ്ചയും പങ്കിടും.
ഹോമിയോപ്പതിയിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, ശാസ്ത്രീയ സംവാദങ്ങൾ, വിദഗ്ദ്ധരുടെ മുഖ്യ പ്രഭാഷണങ്ങൾ, ബിരുദാനന്തര ബിരുദധാരികൾക്കുള്ള പേപ്പർ അവതരണ മത്സരം, പരിചയസമ്പന്നരായ പ്രൊഫഷണലുകൾ പങ്കിടുന്ന ഉൾക്കാഴ്ചകൾ തുടങ്ങിയവ പ്രോഗ്രാമിന്റെ പ്രതീക്ഷിത സവിശേഷതകളിൽ ഉൾപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ വിവിധ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മെഡിക്കൽ ഓഫീസർമാർ, ഹോമിയോപ്പതി പ്രാക്ടീഷണർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം നിർവ്വഹിക്കുന്ന കൺവൻഷനിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കൂടാതെ നാഷണൽ കമ്മീഷൻ ഹോമിയോപ്പതി ചെയർമാൻ ഡോ.അനിൽ ഖുറാന, ആയുഷ് മന്ത്രാലയം ഹോമിയോപ്പതി ഉപദേഷ്ടാവ് ഡോ.സംഗീത എ.ദുഗ്ഗൽ, എം.എ.ആർ. ബി.എച്ച് പ്രസിഡന്റ് ഡോ.കെ.ആർ ജനാർദ്ദനൻ നായർ, സി.സി.ആർ.എച്ച് ഡയറക്ടർ ജനറൽ ഡോ.സുഭാഷ് കൗശിക്, സി.സി.ആർ.എച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.സുനിൽ എസ്. രാംടെക്, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസർ ഇൻ ചാർജ്ജ് എൻ.എച്ച്.ആർ.ഐ.എം.എച്ച് ഡോ.കെ.സി. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.