തേൻ കഴിച്ചാൽ മധുരം മാത്രമറിഞ്ഞ നാവിന് ഇനി മുതൽ പലവിധ രുചികളറിയാം. ചക്ക, കൈതച്ചക്ക, ഞാവൽ, എന്നിവയും തേനുമായി സംയോജിക്കുന്ന അതിമധുരത്തിന് പുറമെ കാന്താരിയുടെയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും എരിവും രുചിയും കൂടി തേനിൽ നിന്നും നുകരാം. തേൻ വിപണന രംഗത്ത് പുതിയ രുചിഭേദങ്ങളുമായി എത്തിയിരിക്കുകയാണ് ഹോർട്ടികോർപ്പ്.കേരളത്തിൽ സുലഭമായി ലഭിക്കുന്ന പഴവർഗങ്ങളായ ചക്ക, കൈതച്ചക്ക, ഞാവൽ, പാഷൻ ഫ്രൂട്ട്, മുട്ടിപ്പഴം എന്നിവ തേനിൽ സംസ്‌കരിച്ച് തയാറാക്കിയ മൂല്യവർധിത തേൻ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
ഗുണനിലവാരം ഉറപ്പു വരുത്തി മികച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് ഹോർട്ടികോർപ്പ് ശ്രമിക്കുന്നത്. ഇതിന്റെ നേട്ടം നേരിട്ട് കർഷകരിലേക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശേഷി ഉയർത്തുന്നതിനും ഉത്തമമാണ് ഞാവൽത്തേൻ. പാരമ്പര്യ ചികിത്സകളിൽ ഉപയോഗിച്ചു വരുന്നതാണ് മുട്ടിപ്പഴം. പഴവർഗങ്ങൾക്കു പുറമെ കാന്താരി, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ തേൻ ഉത്പന്നങ്ങളും ഉടൻ വിപണിയിലെത്തും.ഇവ തേനിൽ സംസ്‌കരിച്ചാണ് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചത്തേൻ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന ഹണി പ്രോസസിംഗ് പ്ലാന്റിൽ സംസ്‌കരിച്ച് അമൃത് ഹണി എന്ന പേരിൽ ഇതിനകം തന്നെ ലഭ്യമാക്കുന്നുണ്ട്.
ഈ പ്ലാന്റിൽ നിന്നുമാണ് പുതിയ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്. ഈ സാമ്പത്തികവർഷം 35 മെട്രിക് ടൺ തേൻ ഇതിനകം ഹോർട്ടികോർപ്പ് സംഭരിച്ചിട്ടുണ്ട്. മാവേലിക്കര തേനീച്ച വളർത്തൽ പരിശീലന കേന്ദ്രത്തിൽ ആധുനിക രീതിയിലുള്ള തേൻ സംസ്‌കരണ തേൻ പാക്കിംഗ് യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്.