ന്യൂഡൽഹി: ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, പ്രോഡക്റ്റായ ഹോർലിക്‌സിനെ 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗത്തിൽ നിന്ന് 'ഫങ്ഷണൽ ആൻഡ് ന്യൂട്രീഷ്യണൽ ഡ്രിങ്ക്സ്' എന്ന വിഭാഗത്തിലേക്ക് മാറ്റിയതായി അറിയിച്ചു. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഹോർലിക്‌സ് പോലുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്ക്സ് എന്ന് കണക്കാക്കാൻ സാധിക്കില്ല എന്ന വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിരുന്നു. ബോണ്‍വിറ്റയെയും മറ്റ് പാനീയങ്ങളെയും ഹെൽത്ത് ഡ്രിങ്ക്സ് എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
2006-ലെ ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ടിൽ (എഫ്എസ്എസ് ആക്ട്) "ആരോഗ്യ പാനീയങ്ങൾ" എന്ന വിഭാഗമില്ല, ഈ പാനീയങ്ങളിൽ പലതിലെയും പഞ്ചസാരയുടെ അളവ് പരിധിയിൽ കൂടുതലാണ് എന്നീ കാരണങ്ങൾ കൊണ്ടാണ് ഈ മാറ്റങ്ങൾ.
പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1. 63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ. 2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാർഡേർഡ് നിയമ പ്രകാരം ഹെൽത്ത് ഡ്രിങ്ക്സിന് പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈയിടെ വ്യക്തമാക്കിയിരുന്നു.
ഹെൽത്ത് ഡ്രിങ്ക്സിൽ വിറ്റാമിനുകളും ധാതുക്കളും പോലുള്ള ചില പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അതിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാകും. ഉയർന്ന പഞ്ചസാര കഴിക്കുന്നത് ശരീരഭാരം, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത, ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു .