Updated on: 24 April, 2023 5:07 PM IST

1. കേരളത്തിലെ 7 ജില്ലകളിൽ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 4 ഡിഗ്രി വരെ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ 36 ഡിഗ്രി വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും, കോട്ടയത്ത് 38 ഡിഗ്രി വരെയും, പാലക്കാട് ജില്ലയിൽ ഏറ്റവും ഉയർന്ന താപനിലയായ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടും. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ചൂട് കഠിനമായിരിക്കും. അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.

കൂടുതൽ വാർത്തകൾ: കുടിയേറ്റ തൊഴിലാളികൾക്ക് 3 മാസത്തിനകം റേഷൻ കാർഡ്

2. മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പൊഴിയൂരിൽ സംഘടിപ്പിച്ച തീര സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ വാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പരിപാടിയാണ് തീര സദസ്. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ വരുമാന വർദ്ധനവ് കൂടി ലക്ഷ്യമാക്കി ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് പ്രാപ്തരാക്കുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

3. അതിദരിദ്രർക്ക് താങ്ങായി കേരള സർക്കാർ. സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾക്കായി 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതി ആരംഭിക്കുന്നു. 5 വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. മൊത്തം അതിദാരിദ്രരിൽ 13.4% മലപ്പുറത്തും, 11.4% തിരുവനന്തപുരത്തുമാണ് കണ്ടെത്തിയത്. ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല കോട്ടയമാണ്.

4. സംരംഭക മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി കളമശേരിയിൽ സംഘടിപ്പിച്ച മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ 'ഷീ സ്റ്റാര്‍ട്ട്സ്' പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശനവും, ഓരോ ജില്ലയില്‍ നിന്നുള്ള മികച്ച സംരംഭകര്‍ക്കും സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.

5. ആലപ്പുഴ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണ മേളയിൽ 56.02 ലക്ഷം രൂപയുടെ വിറ്റുവരവ്. കൊമേഴ്ഷ്യൽ സ്റ്റാളുകളിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിച്ചത്. ബി 2 ബിയിലൂടെ മാത്രം 18.34 ലക്ഷം രൂപയുടെ ഓർഡറും, കുടുംബശ്രീ ഫുഡ് കോർട്ടുകൾ വഴി 6.56 ലക്ഷം രൂപയുടെ വരുമാനവും നേടാൻ സാധിച്ചു.

6. വികസന പ്രവർത്തനങ്ങൾ എല്ലാ ജനങ്ങളിലും എത്തണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. പുത്തൂർ ആധുനിക മത്സ്യ മാർക്കറ്റിന്റെ ശിലാസ്ഥാപനവും നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. കിഫ്ബി വഴി 65 മത്സ്യ മാർക്കറ്റുകൾക്കായി ആദ്യ ഘട്ടത്തിൽ 137.81 കോടി രൂപ അനുവദിച്ചതായും, ഡ്രെയിനേജ് സംവിധാനം, ആധുനിക ശുചിമുറികൾ, പാർക്കിങ് ഏരിയ, മലിനജല സംസ്ക്കരണ പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങളോടെയാണ് മാർക്കറ്റുകൾ നിർമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

7. എറണാകുളത്തെ സഹകരണ എക്സ്പോയിൽ വനവിഭവങ്ങളൊരുക്കി അട്ടപ്പാടിയിലെ കുറുമ്പ സഹകരണ സംഘം. ഔഷധഗുണമുള്ളതും പോഷകസമൃദ്ധവുമായ മുളയരി, കാട്ടുകടുക് , ചാമയരി എന്നിവ സ്റ്റാളിൽ ലഭ്യമാണ്. ഔഷധഗുണങ്ങളുള്ള കാട്ടുതേനാണ് സ്റ്റാളിലെ മറ്റൊരു പ്രധാന ആകർഷണം. 18 ഊരുകളിലായി ആയിരത്തിലധികം അംഗങ്ങളുള്ള സഹകരണ പ്രസ്ഥാനമാണ് കുറുമ്പ പട്ടികവർഗ സേവന സഹകരണ സംഘം.

8. വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പാൽ ഉൽപാദനം കുറയുന്നു. പ്രാദേശികമായി വിൽപന നടത്തിയ ശേഷം സൊസൈറ്റികളിൽ എത്തിക്കുന്ന പാൽ മിൽമയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഉൽപാദനം കുറഞ്ഞതോടെ മിൽമയ്ക്ക് നൽകുന്ന പാലിന്റെ അളവും ദിനംപ്രതി കുറയുകയാണ്. പച്ചപ്പുല്ലിന്റെ അഭാവം, ശുദ്ധജല ക്ഷാമം എന്നിവയാണ് പാൽ ഉൽപാദനത്തെ പ്രധാനമായും ബാധിക്കുന്നത്.

9. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ 7 ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള കണക്ഷൻ സമ്പൂർണം. ഏപ്രിൽ 18 വരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ 2,024,69 വീടുകളിലാണ് കുടിവെള്ള കണക്ഷൻ നൽകാൻ സാധിച്ചത്. ആർപ്പൂക്കര, കുമരകം, തലയാഴം, വെച്ചൂർ, ടി.വി. പുരം, തലയോലപ്പറമ്പ്, ഉദയനാപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കണക്ഷൻ എത്തിക്കാൻ സാധിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

10. ഇലക്ട്രിക് ഉപകരണങ്ങൾ മാത്രമല്ല, മാമ്പഴവും ഇഎംഐ വ്യവസ്ഥയിൽ ലഭിക്കും. പൂനെയിലെ പഴക്കട ഉടമയായ ഗൗരവ് സനസാണ് തന്റെ പുത്തൻ ഐഡിയ ഉപയോഗിച്ച് കച്ചവടം നടത്തുന്നത്. സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും മാമ്പഴം ലഭിക്കും. ഒരു ഡസന് 800 രൂപ മുതൽ 1300 വരെ വിലയുള്ള അൽഫോൻസോ ഇനം മാമ്പഴമാണ് ഇദ്ദേഹം തവണ വ്യവസ്ഥയിൽ വിൽക്കുന്നത്. കുറഞ്ഞത് 5,000 രൂപയുടെ മാമ്പഴം വാങ്ങിക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക.

IMAGE CREDIT : www.canva.com

English Summary: hot weather news yellow alert in 7 districts in kerala
Published on: 24 April 2023, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now