1. സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. ഇന്ന് മുതൽ കടകൾ രാവിലെ 8 മണി മുതൽ 12 വരെയും, ഉച്ചയ്ക്ക് ശേഷം 4 മണി മുതൽ 7 വരെയും പ്രവർത്തിക്കും. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഈ മാസം 4-ാം തീയതി വരെ തുടരും.
കൂടുതൽ വാർത്തകൾ: പ്രതിമാസം 9,250 രൂപ പെൻഷൻ; പ്രധാനമന്ത്രി വയവന്ദന യോജന ഉടൻ അവസാനിക്കും
2. ഇരുപതിനായിരത്തിലധികം ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ കേരളത്തിൽ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിലെ ഏറ്റവും വലിയ കാർഷിക പ്രദർശന മേളയായ വൈഗ 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ബിടുബി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 133 കർഷകരാണ് ബിസിനസ് മീറ്റിൽ പങ്കെടുത്തത്. കർഷകരുടെ ഉൽപന്നങ്ങൾ വിപണന ഗ്രൂപ്പുകളിലേക്ക് എത്തിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. 40 കോടിയുടെ വിപണന കരാർ കർഷകർക്ക് ലഭ്യമാക്കാൻ വൈഗയിലൂടെ സാധിച്ചതായി മന്ത്രി അറിയിച്ചു.
3. രാജ്യത്ത് പാചകവാതക വില കുത്തനെ ഉയർത്തി. ഗാർഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 1110 രൂപയും, വാണിജ്യ സിലിണ്ടറിന് 2124 രൂപയുമാണ് വില. ഇതിനുമുമ്പ് 1060 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് ഈടാക്കിയിരുന്നത്. ഇന്ന് മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്. നിലവിൽ ഡൽഹിയിൽ 1103 രൂപ, മുംബൈയിൽ 1052 രൂപ, കൊൽക്കത്തയിൽ 1079 രൂപ, ചെന്നൈയിൽ 1068 രൂപ 50 പൈസ എന്നിങ്ങനെയാണ് ഗാർഹിക സിലിണ്ടറിന്റെ വില. സിലിണ്ടറിന്റെ വില കൂട്ടിയതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും ഉയരാനാണ് സാധ്യത.
4. മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാൻ കോതമംഗലം ഡിവിഷനില്‍ സോളാര്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചു. തട്ടേക്കാട് സെക്ഷന്‍ പരിധിയിലെ ആനയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടേയും യാത്രക്കാരുടേയും സംരക്ഷണത്തിനാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. മുള്ളരിങ്ങാട് സെക്ഷന് കീഴില്‍ വരുന്ന ജനവാസ മേഖലകളില്‍ 87,792 രൂപ ചെലവിട്ട് മൂന്ന് സോളാര്‍ ലൈറ്റുകളാണ് സ്ഥാപിച്ചത്.
5. ശീതകാലപച്ചക്കറി സീസൺ ആരംഭിച്ചിട്ടും കൃഷിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കാന്തല്ലൂരിലെ കർഷകർ. വിത്ത് വാങ്ങാൻ പണമില്ലാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഇതിനുമുമ്പ് പച്ചക്കറി സംഭരിച്ച വകയിൽ 21 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ളത്. 2017 മുതലുള്ള കുടിശിക ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
6. തൊടുപുഴയിൽ കാർഷികോൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കാൻ ധനസഹായം നൽകുന്നു. കൃഷിയിടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി മണക്കാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് ധനസഹായം നൽകുന്നത്. മണക്കാട് പഞ്ചായത്തിലെ കർഷകരിൽനിന്നും ഉത്പന്നങ്ങൾ ശേഖരിച്ച്, വിപണനം ചെയ്യാൻ ഒരു സംഘത്തിന് 25,000 രൂപവരെ നൽകും. സംഘത്തിൽ അഞ്ച് അംഗങ്ങൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടാം.
7. കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങളിൽ മാതൃകയായി കാസർകോട് ജില്ലയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം. 10 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന കേന്ദ്രത്തിൽ വിവിധ തരം കൃഷികൾ, ഫാമുകൾ, എതിർപ്രാണി വളർത്തുകേന്ദ്രം എന്നിവ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 1 കോടി രൂപയുടെ വരുമാനമാണ് കേന്ദ്രം നേടിയത്. പച്ചക്കറികൾ പ്രധാനമായും വിത്തിനുവേണ്ടിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. വിത്തിനും ഗുണമേന്മയുള്ള പച്ചക്കറി തൈകൾക്കും ആവശ്യക്കാർ ഏറെയാണ്.
8. കുട്ടനാട്ടിലെ റേഷൻ കടകളിൽ വിതരണത്തിന് എത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പെന്ന് പരാതി. ഗുണനിലവാരം തീരെ ഇല്ലാത്തതും, ചെള്ളും പൊടിയും നിറഞ്ഞ ഗോതമ്പാണ് ഒരു മാസമായി വിതരണത്തിന് എത്തുന്നതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഗുണഭോക്താക്കൾ ഗോതമ്പ് വാങ്ങാത്ത സാഹചര്യത്തിൽ കടകളിൽ കെട്ടിക്കിടക്കുന്ന ചാക്കിൽ നിന്നും മറ്റ് ഭക്ഷ്യധാന്യങ്ങളിലേക്ക് പ്രാണികൾ വ്യാപിക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.
9. റമദാൻ മാസം അടുക്കാറായതോടെ ഒമാനിൽ ഈന്തപ്പഴ വിപണി സജീവം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഈന്തപ്പഴം മാർക്കറ്റുകളിൽ എത്തിത്തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. സൗദി അറേബ്യ, ഇറാൻ, തുനീഷ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഈന്തപ്പഴം മാർക്കറ്റുകളിൽ എത്തുന്നത്. സഫാവി, അജുവ, കുദരി തുടങ്ങിയ ഈത്തപ്പഴങ്ങൾക്കാണ് ഒമാനിൽ ഡിമാൻഡ് കൂടുതൽ.
10. മാർച്ച് മാസത്തിൽ കേരളത്തിൽ ചൂട് കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ചിൽ താപനില ഉയരില്ലെന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. മാർച്ച് മുതൽ മെയ് വരെ സാധാരണ നിലയിൽ താപനില അനുഭവപ്പെടും.