ആൻഡ്രോയിഡ് ഫോണുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും അനിവാര്യമായി വന്നിരിക്കുന്നു. എഴുന്നേൽക്കാനുള്ള അലാറാം വയ്ക്കുന്നത് മുതൽ, വീട്ടുകാര്യങ്ങളിലും ജോലി ആവശ്യങ്ങളിലുമെല്ലാം ഫോൺ സ്ഥാനം പിടിച്ചുകഴിഞ്ഞു.
എന്ത് ആവശ്യത്തിനും കീശയിൽ പണമോ, കൈയിലൊരു പേഴ്സോ കരുതേണ്ട സാഹചര്യമിന്നില്ല. എന്ത് വാങ്ങണമെങ്കിലും കടയിൽ ചെന്ന് സാധനം വാങ്ങി ഓൺലൈനായി പണം നൽകാം. പേഴ്സ് മോഷ്ടിക്കപ്പെടുമെന്നോ, എടുക്കാൻ മറന്നുപോകുമെന്നോയുള്ള ആകുലതകളും വേണ്ട.
എന്നാൽ, നിർഭാഗ്യവശാൽ ഫോൺ നഷ്ടപ്പെട്ടാലോ അതിന് കേടുപാട് സംഭവിച്ചാലോ എന്ത് ചെയ്യും? ഇങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങളുടെ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ അക്കൗണ്ടുകൾ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്.
ഇവയ്ക്കെല്ലാം പാസ്‌വേഡ് ഉണ്ടെങ്കിലും മറ്റൊരാൾക്ക് അത് അൻലോക്ക് ചെയ്ത് ഉപയോഗിക്കാനാകില്ല എന്ന് ഉറപ്പ് പറയാനാകില്ല. അതുകൊണ്ട് തന്നെ നഷ്ടപ്പെട്ട ഫോണിൽ നിന്ന് നമ്മുടെ ഗൂഗിൾ പേ, പേടിഎം അക്കൗണ്ടുകൾ എങ്ങനെ നീക്കം ചെയ്യാമെന്നത് തീർച്ചയായും അറിഞ്ഞിരിക്കണം.
നിന്നോ പേടിഎം അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതെങ്ങനെ?
പഴയ ഫോണിൽ നിന്നോ നഷ്ടപ്പെട്ട ഫോണിൽ നിന്നോ പേടിഎം അക്കൗണ്ടുകൾ നീക്കം ചെയ്യാനും അല്ലെങ്കിൽ ലോഗ് ഔട്ട് ചെയ്യാനും സാധിക്കും.
ഇതിനായി, എന്നാൽ, ഉപയോക്താവിന് തന്റെ അക്കൗണ്ടിന്റെ പാസ്‌വേഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും അറിഞ്ഞിരിക്കണം. ഇതുപയോഗിച്ച് മറ്റൊരു ഫോണിൽ നിന്ന് ലോഗിൻ ചെയ്ത് എല്ലാ ഉപകരണങ്ങളിൽ നിന്നും നിങ്ങൾക്ക് അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാം.
ഇതിനായി ആദ്യം മറ്റൊരു ഡിവൈസിൽ പേടിഎം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പേടിഎം രജിസ്റ്റർ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക. പേടിഎം ആപ്പിലെ സ്ക്രീനിന് മുകളിൽ ഇടതുവശത്ത് കാണിക്കുന്ന ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക. അതിലെ പ്രൊഫൈൽ സെറ്റിങ്‌സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
ഇതിന് താഴെ വരുന്ന സെക്യൂരിറ്റി ആൻഡ് പ്രൈവസി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം, മാനേജ് അക്കൗണ്ട്സ് ഓൺ ഓൾ ഡിവൈസസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. അപ്പോൾ, എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗ് ഔട്ട് ചെയ്യണമെന്ന് ഉറപ്പാണോ എന്ന് ചോദിക്കും. അതിൽ നിങ്ങൾക്ക് യെസ് അല്ലെങ്കിൽ നോ കൊടുക്കാം.
എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗ് ഔട്ട് ചെയ്‌ത ശേഷം, പേടിഎം വെബ്‌സൈറ്റ് സന്ദർശിച്ച് 24×7 ഹെല്പ് എന്ന മെനു തെരഞ്ഞെടുക്കാം. തൊട്ടുപിന്നാലെ, റിപ്പോർട്ട് എ ഫ്രോഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ആവശ്യമുള്ള വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം, മെസ്സേജ് അസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അക്കൗണ്ട് നിങ്ങളുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഇത്. അക്കൗണ്ട് നിങ്ങളുടേതാണെന്നതിന് തെളിവ് സമർപ്പിച്ച് കഴിഞ്ഞാൽ, രണ്ടുതവണ പരിശോധിച്ച ശേഷം പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും.
ഇതിന് പുറമെ, മൊബൈൽ ഫോണിൽ നിന്ന് താൽക്കാലികമായി ലോഗ് ഔട്ട് ചെയ്യുന്നതിന് പേടിഎമ്മിന്റെ ഹെൽപ്പ്‌ലൈൻ നമ്പറായ 01204456456ൽ ബന്ധപ്പെട്ടും ആവശ്യം അറിയിക്കാം.
ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യാം
ഗൂഗിൾ പേ ഉപയോക്താക്കൾക്കും തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ഫോണിൽ നിന്നും ഗൂഗിൾ പേയുടെ എല്ലാ വിവരങ്ങളും നീക്കം ചെയ്യുക എന്ന സംവിധാനമാണുള്ളത്.
ഫോൺ നഷ്‌ടപ്പെടുന്ന സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഏറ്റവും നല്ല സവിശേഷതയാണ് ഇത്. മറ്റൊരു ഡിവൈസിൽ നിന്നും നിങ്ങളുടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യാനാകും.
നിങ്ങളുടെ നഷ്ടപെട്ട ആൻഡ്രോയിഡ് ഫോൺ കണ്ടെത്താനും, ലോക്ക് ചെയ്യാനും, ഫയൽ ഡിലീറ്റ് ചെയ്യാനും android.com/find എന്ന വെബ്സൈറ്റിലൂടെ ഗൂഗിൾ സൗകര്യമൊരുക്കുന്നു. ഈ വെബ്സൈറ്റിലെ ഡാറ്റ ഡിലീറ്റ് ഓപ്‌ഷൻ തെരഞ്ഞെടുത്ത് ഗൂഗിൾ പേയും സുരക്ഷിതമാക്കാം.
18004190157 എന്ന ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പറിലൂടെയും ഗൂഗിൾ പേ ബ്ലോക്ക് ചെയ്യാനുള്ള സേവനം ലഭ്യമാണ്. ഇതിനായി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അദർ ഇഷ്യൂസ് എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് കസ്റ്റമർ കെയറിലെ വ്യക്തിയുമായി സംസാരിച്ച് ഉടനടി തന്നെ ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യാം.