കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഈ വർഷം ഇതുവരെ 1,002 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഇതിൽ ഒരു വയസിന് താഴെയുള്ള 479 കുഞ്ഞുങ്ങൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകമായ രീതിയിൽ ഹൃദ്യം പദ്ധതി വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വഴി സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് ഒട്ടും കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഹൃദ്യത്തിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർ പിന്തുണാ പദ്ധതി ആരംഭിച്ചു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആർബിഎസ്‌കെ നഴ്സുമാരെക്കൂടി ഉൾപ്പെടുത്തി ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തിൽ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതുവരെ 98 കുട്ടികൾക്ക് പരിശോധന നടത്തി അതിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി. അടുത്ത 50 പേരുടെ പരിശോധന ഉടൻ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ജൻമനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. 1000ൽ 8 കുട്ടികൾക്ക് ഹൃദ്രോഗം കാണുന്നുണ്ട്. അതിൽ തന്നെ 50 ശതമാനം കുട്ടികൾക്ക് ചികിത്സ വേണം. അതിൽ കുറേ കുട്ടികൾക്ക് ശസ്ത്രക്രിയ വേണ്ടി വരും. സ്വകാര്യ മേഖലയെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്. 9 സർക്കാർ, സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഇത്തരത്തിൽ വളരെ അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രതിവർഷം 2000 കുട്ടികൾ സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിച്ചു വീഴുന്നതായാണ് കണക്ക് സൂചിപ്പിക്കുന്നത്. നിലവിൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് 5 ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഹൃദ്യം പദ്ധതിയിലൂടെ ഈ ചികിത്സ സൗജന്യമായി ലഭിക്കും.
നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പോലും പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിലാണ് നടത്തുന്നത്. വെബ് രജിസ്ട്രേഷൻ (https://hridyam.kerala.gov.in/) ഉപയോഗിച്ചാണ് സൗജന്യ ശസ്ത്രക്രിയ നടത്തുന്നത്. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദിശ 1056 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോട്ടയം ഗവൺമെന്റ് മെഡിക്കൽകോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരമുള്ള ചികിത്സ സൗകര്യമുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയുടെ വിദേശനയം: പ്രധാനമന്ത്രി കെവാഡിയയിൽ നടന്ന 10-ാമത് ഹെഡ്സ് ഓഫ് മിഷൻസ് (HoMs) കോൺഫറൻസിൽ വ്യക്തമാക്കി