മലപ്പുറം: കേരളത്തിന്റെ വ്യവസായിക പുരോഗതിക്ക് ജലവൈദ്യുത നിലയങ്ങള്‍ അനിവാര്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കേരളത്തിലെ വ്യവസായങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. എങ്കില്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കുക വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ജനകീയ ഇടപെടല്‍ ഉണ്ടാകേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നാനി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മിച്ച മിനി വൈദ്യുതി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്‍പ് വൈദ്യുതി വാങ്ങി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കികൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും ഒന്നര വര്‍ഷം കൊണ്ട് 38.5 മെഗാ വാട്ട് ശേഷിയുള്ള നാലു വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കേരളത്തില്‍ 6000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള ജലലഭ്യത ഉണ്ട്. വാര്‍ഷിക ജല ലഭ്യത 3000 ടിഎംസി ആയിരിക്കെ അതിന്റെ 10 ശതമാനം മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി വിനിയോഗിക്കുന്നത്. 2027 ഓടുകൂടി 3000 മെഗാവാട്ട് വൈദ്യുതി എങ്കിലും പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളില്‍ നിന്നും ലഭ്യമാക്കാന്‍ ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 1500 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികള്‍ പര്യവേഷണ ഘട്ടത്തിലാണ്.
വൈദ്യുതി വിതരണ മേഖല ശക്തിപ്പെടുത്തുന്നതിന് മുന്‍പ് അനുമതി ലഭിച്ച 12000 കോടി രൂപയുടെ പദ്ധതിയ്ക്ക് പുറമേ 11000 കോടിയുടെ പദ്ധതിക്ക് ആര്‍.ഡി.എസ്.എസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ലഭിക്കുമ്പോള്‍ തടസമില്ലാത്ത വൈദ്യതി വിതരത്തിനാണ് ശ്രമിക്കുന്നത്. 2023 ഓടെ കേരളത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഇല്ലാത്ത വര്‍ഷമായി ആചരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് കവചിത കണ്ടക്ടറുകള്‍ സ്ഥാപിക്കുന്നതിനും അണ്ടര്‍ഗ്രൗണ്ട് കേബിളുകള്‍ സ്ഥാപിക്കുന്നതിനും ഗ്രാമീണ മേഖലയിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി തടസങ്ങള്‍ കുറയ്ക്കുന്നതിനും നഗരപ്രദേശങ്ങളില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ വൈദ്യുതി വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതായും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കേരളത്തിന് സാധിക്കണമെന്ന് വൈദ്യുതിമന്ത്രി
ശിലാഫലകം മന്ത്രി അനാഛാദനം ചെയ്തു. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. നോര്‍ത്ത് ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ കെ.എസ്.രജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, എസ്.സി.എം. ഡിസ്ടിബ്യൂഷന്‍ ഡയറക്ടര്‍ സി.സുരേഷ് കുമാര്‍, സി.സുധര്‍മ്മന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.