ഓഫീസർ സ്കെയിൽ-1 (പി.ഒ), ഓഫീസ് അസിസ്റ്റന്റ്-മൾട്ടിപർപ്പസ് (ക്ലാർക്ക്), ഓഫീസർ സ്കെയിൽ 2, 3 എന്നീ തസ്തികകളിലേക്കുള്ള അപേക്ഷ ഐ.ബി.പി.എസ് ആരംഭിച്ചു. താൽപ്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ന് മുതൽ അപേക്ഷിച്ചു തുടങ്ങാം. ജൂൺ 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കാനായി ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
നിയമനം
കോമൺ റിക്രൂട്ട്മെന്റ് പ്രോസസ് ആർ.ബി.ബികൾ വഴിയാണ് നിയമനം നൽകുന്നത്. മൊത്തം 10,493 ഒഴിവുകളുണ്ട്. രാജ്യത്തെമ്പാടുമുള്ള 43 റൂറൽ ബാങ്കുകളിലേക്കാണ് നിയമനം. ആന്ധ്രാ പ്രദേശ് ഗ്രാമീണ വികാസ് ബാങ്ക്, ഉത്തർ ബീഹാർ ഗ്രാമീൺ ബാങ്ക് തുടങ്ങിയ ഗ്രാമീണ ബാങ്കുകളിലായിരിക്കും നിയമനം ലഭിക്കുക. പ്രിലിമിനറി പരീക്ഷയ്ക്കും മെയിൻ പരീക്ഷയ്ക്കുമായി ഒരു രജിസ്ട്രേഷനായിരിക്കും.
തീയതികൾ
ഐ.ബി.പി.എസ് പുറത്തിറക്കിയ കലണ്ടർ പ്രകാരം 2021 ഓഗസ്റ്റ് 1, 7, 8, 14, 21 തീയതികളിലായി പ്രിലിമിനറി പരീക്ഷ നടക്കും. ഓൺലൈൻ മോഡിലായിരിക്കും പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് മെയിൻസ് പരീക്ഷയുണ്ടാകും. ഐ.ബി.പി.എസ് ആർ.ആർ.ബി പി.ഒ മെയിൻസ് പരീക്ഷ സെപ്റ്റംബർ 25നും ഐ.ബി.പി.എസ് ആർ.ആർ.ബി ക്ലാർക്ക് പരീക്ഷ ഒക്ടോബർ 3നും നടക്കും.
വിദ്യാഭ്യാസ യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയ ബിരുദമാണ് ഐ.ബി.പി.എസ് ആർ.ആർ.ബി റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമെ വിവിധ തസ്തികകളിലേക്കും വ്യത്യസ്ത യോഗ്യതകളുണ്ട്. ഇത് വിശദമായി ഐ.ബി.പി.എസ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ഒഴിവുകൾ
ആകെ 10,493 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓഫീസ് അസിസ്റ്റന്റ് (മൾട്ടീപർപ്പസ്)- 5076 ഒഴിവുകൾ, ഓഫീസ് സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ)- 4206, ഓഫീസർ സ്കെയിൽ -2 (ജനറൽ ബാങ്കിംഗ് ഓഫീസർ, ഇൻഫൊമേഷൻ ടെക്നോളജി ഓഫീസർ, ലോ ഓഫീസർ, ട്രഷറി മാനേജർ, മാർക്കറ്റിംഗ് മാനേജർ, അഗ്രിക്കൾച്ചർ ഓഫീസർ)-1060 ഒഴിവുകൾ, ഓഫീസർ സ്കെയിൽ 3- 156 ഒഴിവുകൾ
പ്രവൃത്തി പരിചയം
ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്റ് മാനേജർ) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ പ്രവൃത്തി പരിചയം ആവശ്യമില്ല. ഓഫീസർ സ്കെയിൽ 2 ജനറൽ ബാങ്കിംഗ് ഓഫീസർ (മാനേജർ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ബാങ്കിൽ അല്ലെങ്കിൽ ഒരു സാമ്പത്തിക സ്ഥാപനത്തിൽ ഓഫീസറായി രണ്ട് വർഷമെങ്കിലും പ്രവർത്തിച്ച പരിചയമുണ്ടായിരിക്കണം. മറ്റ് തസ്തികകളിലേക്കും ഒരു വർഷമോ രണ്ട് വർഷമോ ഉള്ള പ്രവൃത്തി പരിചയം ചോദിക്കുന്നുണ്ട്. ഇത് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
പ്രായപരിധി
ഓഫീസ് അസിസ്റ്റന്റ് (മൾട്ടീപർപ്പസ്)- 18 വയസു മുതൽ 28 വയസു വരെ, ഓഫീസർ സ്കെയിൽ -3 (സീനിയർ മാനേജർ)- 21 വയസിന് മുകളിലും 40 വയസിന് താഴെയും, ഓഫീസർ സ്കെയിൽ -2 (മാനേജർ)- 21 വയസിന് മുകളിലും 32 വയസിന് താഴെയും, ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്റ് മാനേജർ)- 18 വയസിന് മുകളിലും 30 വയസിന് താഴെയും.
ഐ.ബി.പിഎസ് ആർ.ആർ.ബി ക്ലാർക്ക് തസ്തികയിലേക്ക് പ്രിലിംസ് പരീക്ഷ, മെയിൻസ് പരീക്ഷ, പ്രൊവിഷണൽ അലോട്ട്മെന്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ടാകും. ഐ.ബി.പി.എസ് ആർ.ആർ.ബി പി.ഒ തസ്തികയിലേക്ക് പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ റൗണ്ട്, പ്രൊവിഷണൽ അലോട്ട്മെന്റ് എന്നീ ഘട്ടങ്ങളുണ്ട്. ഐ.ബി.പി.എസ് ആർ.ആർ.ബി ഓഫീസർ 2, 3 തസ്തികകളിലേക്ക് ഒറ്റ ഘട്ടത്തിലുള്ള പരീക്ഷയും അഭിമുഖവും മാത്രമാണുള്ളത്.
അഡ്മിറ്റ് കാർഡ്
പ്രിലിമിനറി പരീക്ഷയുടയും മെയിൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഐ.ബി.പി.എസ് ആർ.ആർ.ബി പി.ഒ, ഐ.ബി.പി.എസ് ആർ.ആർ.ബി ക്ലാർക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനാകും. ഇതിനായി രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും നൽകേണ്ടി വരും.