എറണാകുളം: ഏലൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണം പ്രമാണിച്ച് 7500 രൂപ ബോണസും ശമ്പള വർധനയും നൽകാൻ തീരുമാനം. ദിവസ കൂലിയിൽ 40 രൂപ വർദ്ധിപ്പിച്ച് 675 രൂപ നൽകാനാണ് ഹരിത കർമ്മസേന കൺസോഷ്യത്തിന്റെ തീരുമാനം. നിലവിൽ 635 രൂപയാണ് ഓരോ അംഗത്തിനും ലഭിക്കുന്നത്.
യൂസർ ഫീ കളക്ഷൻ കൂടുന്നതനുസരിച്ച് ഭാവിയിൽ ശമ്പളം വർധിപ്പിക്കാൻ ആലോചനയുണ്ട്. മുൻസിപ്പാലിറ്റിയിലെ 23 സേനാംഗങ്ങൾക്ക് പുതിയ യൂണിഫോം ഉടൻതന്നെ വിതരണം ചെയ്യുമെന്ന് ചെയർമാൻ എ.ഡി സുജില്‍ അറിയിച്ചു.
അജൈവമാലിന്യങ്ങളുടെ ശേഖരണമാണ് ഹരിത കർമസേനയുടെ മുഖ്യലക്ഷ്യമെങ്കിലും ഏലൂരിലെ മുനിസിപ്പൽ ടൗൺ ഹാളിന്റെ പരിപാലനവും കഴിഞ്ഞ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വച്ചുപിടിപ്പിച്ച വൃക്ഷത്തൈകളുടെ പരിപാലനവും സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ശുചിത്വത്തിനൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ഏലൂരിൽ കൈമാറ്റ ചന്തയ്ക്ക് (ഫ്ലീ മാർക്കറ്റ്) കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ഉപയോഗക്ഷമമായതും ആവശ്യമില്ലാത്തതുമായ വസ്തുക്കൾ മറ്റുള്ളവർക്ക് സംഭാവന ചെയ്യുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.