തൃശ്ശൂർ: ലോകത്തെ അത്ഭുതപ്പെടുത്തുന്ന വനിതാ ശാക്തീകരണത്തിന്റെ മാതൃകയായി കുടുംബശ്രീ മാറുന്നുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. നടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഷീ ഓട്ടോയുടെ വിളംബര യാത്ര ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവരസാങ്കേതിക വിദ്യയെ കൂടുതല്‍ അടുത്തറിയാനായി 'തിരികെ സ്‌കൂളിലേക്ക്' എന്ന പുതു ചുവടുവെപ്പ് പുത്തന്‍ മാതൃകകളാണ് സൃഷ്ടിക്കുന്നത്.
മുന്‍പ് കാണാത്ത വിധമുള്ള ഈ ചുവടുവെപ്പ് ആധുനിക കാലത്തിന്റെ വേഗതയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ കുടുംബശ്രീയെ കൂടുതല്‍ പരുവപ്പെടുത്തും. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലുള്ള സര്‍ക്കാരിന്റെ മതിപ്പ് ആഴത്തിലുള്ളതാണ്. ഇതിനുദാഹരണമാണ് അതി ദരിദ്രരായ മനുഷ്യരെ സൂക്ഷ്മതലത്തില്‍ കണ്ടെത്താനുള്ള ശ്രമം കുടുംബശ്രീ പ്രസ്ഥാനത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍. കേരളത്തിന് മാതൃകയാണ് നടത്തറയിലെ കുടുംബശ്രീ പ്രസ്ഥാനമെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ഒന്നിന് കൊഴുക്കുള്ളി സ്വരാജ് യു പി സ്‌കൂളിലാണ് നടത്തറ ഗ്രാമപഞ്ചായത്തിലെ 'തിരികെ സ്‌കൂളിലേക്ക്' ക്യാമ്പയിന്റെ ഉദ്ഘാടനം. ഡിസംബര്‍ 10 വരെയാണ് ക്യാമ്പയില്‍ നടക്കുക. അഞ്ചു വിഷയങ്ങളാണ് പഠനത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടത്തറ ഗ്രാമപഞ്ചായത്തിലെ 318 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 4812 അംഗങ്ങള്‍ ക്യാമ്പിന്റെ ഭാഗമാകും.
നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസി. പി ആര്‍ രജിത്ത്, പഞ്ചായത്തംഗങ്ങളായ പി കെ അഭിലാഷ്, ഇ എന്‍ സീതാലക്ഷ്മി, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശാലിനി സുനില്‍കുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.