1. കുതിച്ചുയരുന്ന വില കുറയ്ക്കാൻ നേപ്പാളിൽ നിന്നും തക്കാളി ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ഇറക്കുമതിയ്ക്കുള്ള സൗകര്യം ഒരുക്കുകയാണെങ്കിൽ എത്രയധികം തക്കാളി വേണമെങ്കിലും നൽകാമെന്ന് നേപ്പാൾ കൃഷിമന്ത്രാലയം അറിയിച്ചു. നേപ്പാളിലെ കാഠ്മണ്ഡു, ഭക്താപൂർ, ലളിത്പൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും തക്കാളി കൃഷി ചെയ്യുന്നത്. മുൻ കാലങ്ങളിൽ ശരാശരി 50 രൂപ വരെയായിരുന്ന തക്കാളിയ്ക്കാണ് 300 രൂപയോളം വില ഉയർന്നത്. ഇതാദ്യമായാണ് തക്കാളി ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കൃഷിനാശം സംഭവിച്ച സാഹചര്യത്തിലാണ് തക്കാളി ഉൽപാദനം കുറഞ്ഞത്.
കൂടുതൽ വാർത്തകൾ: PM Kisan: 15th ഗഡുവിന് അർഹരായവർ ആരൊക്കെ? എങ്ങനെ അപേക്ഷിക്കാം?
2. അതിഥി തൊഴിലാളികൾക്ക് ഓണസമ്മാനമായി റേഷൻ റൈറ്റ് കാർഡ് പദ്ധതി ആരംഭിച്ച് കേരളം. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് റേഷൻ വാങ്ങുന്നതിനായി ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റേഷൻ കാർഡ് വിതരണം ചെയ്യുന്നത്. പെരുമ്പാവൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭക്ഷ്യമന്ത്രി ജിആർ അനിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തമിഴ്, കന്നഡ, അസമീസ്, ബംഗാളി, ഒഡിയ, ഹിന്ദി എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് ഉള്ളത്. ആധാർ കാർഡ് ഉള്ളവർക്ക് മാത്രമാണ് റേഷൻ കാർഡ് ലഭിക്കുക. അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെടും. കേരളത്തിൽ ഒരാൾപോലും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ നയമെന്നും റേഷൻ റൈറ്റ് കാർഡ് അതിഥി തൊഴിലാളികൾക്കുള്ള കേരളത്തിന്റെ ഓണസമ്മാനമാണെന്നും മന്ത്രി അറിയിച്ചു.
3. ദോഹയിലെ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിൽ ഈന്തപ്പഴമേള ആരംഭിച്ചു. ഖത്തറിലെ ഫാമുകളിൽ വിളവെടുത്ത ഗുണമേന്മയുള്ള ഈന്തപ്പഴങ്ങളുടെ ശേഖരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ലാസ്, ശിഷി, ഹലാലി, ഖുദ്രി തുടങ്ങി നിരവധി ഇനം ഈന്തപ്പഴങ്ങളും ഈന്തപ്പഴത്തിൽ നിന്നും നിർമിച്ച മൂല്യവർധിത ഉൽപന്നങ്ങളും മേളയിലുണ്ട്. ഈ മാസം 16 വരെ മേള തുടരും.