അമേരിക്ക നികുതി കൂട്ടിയതിനു തിരിച്ചടിയായി 29 യുഎസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഉയർത്തി ഇന്ത്യ. ഉയര്‍ത്തി നിശ്ചയിച്ച ഇറക്കുമതി തീരുവ ഓഗസ്റ്റ് നാല് മുതല്‍ നിലവിൽ വരും. ഇന്ത്യയില്‍നിന്നുള്ള വിവിധ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയിൽ നികുതി ഒഴിവ് നല്‍കിയിരുന്ന 'പ്രത്യേക പരിഗണനാ രീതി' ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞു. ഇതോടെ ഇന്ത്യ യുഎസില്‍നിന്നുള്ള ബദാം, ആപ്പിള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.29 ഇനം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്താന്‍ ഇന്ത്യ കഴിഞ്ഞ ജൂണില്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല;
യുഎസിൽനിന്നെത്തുന്ന കടല, പയർ തുടങ്ങിയവയുടെ നികുതി ഇന്ത്യ 30 ശതമാനത്തിൽനിന്ന് 70% ആക്കി. തുവരയ്ക്ക് 40% ആക്കി. തോടുള്ള ബദാം കിലോഗ്രാമിന് 100 രൂപ ആയിരുന്ന നികുതി 120 രൂപയായി വർധിപ്പിച്ചു. വാൽനട്ടിന് കിലോഗ്രാമിന് നികുതി 30 രൂപയിൽ നിന്നു 120 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. യുഎസില്‍നിന്ന് ഏറ്റവുമധികം ബദാം വാങ്ങുന്നത് ഇന്ത്യയാണ്. ആപ്പിള്‍ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനവും. ഇവയ്‌ക്കൊക്കെ ഇവിടെ വില ഉയരാന്‍ വഴിയൊരുങ്ങുകയാണ്. 2017- 18ല്‍ ഇന്ത്യ അമേരിക്കയിലേക്ക് 4,790 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍, അവിടെനിന്നുള്ള ഇറക്കുമതി 2,670 കോടി ഡോളറിന്റേതാണ്. അതായത് ഇന്ത്യയ്ക്ക് വ്യാപാരമിച്ചം 2120 കോടി ഡോളര്‍.
ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്കു മാർച്ചിൽ യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ യുഎസിലേക്കു പ്രതിവർഷം 150 കോടി ഡോളറിന്റെ സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾ കയറ്റിയയ്ക്കുന്നുണ്ട്.
English Summary: India raises import tariff of U.S goods
Published on: 15 June 2019, 05:48 IST