പോത്തിറച്ചി കയറ്റുമതിയിൽ രാജ്യത്തിന് റെക്കോർഡ് കുതിപ്പ്. 106 ശതമാനം വർധനവാണ് ഇറച്ചി കയറ്റുമതിയിൽ ഉണ്ടായത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 70 ഏറെ രാജ്യത്തേക്കാണ് പോത്തിറച്ചി കയറ്റുമതി ചെയ്തത്. 7543 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേക്കാലയളവിൽ ഇത് 3668 കോടി രൂപയായിരുന്നു.
എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിക്കുന്നതിനാലാണ് ഇന്ത്യൻ ഇറച്ചി വിദേശ വിപണി കീഴടക്കാനുളള കാരണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വിലയിരുത്തുന്നത്. ഗുണനിലവാരം, പോഷകമൂല്യം, അപകടസാധ്യതയില്ലായ്മ എന്നിവയാണ് വിദേശവിപണിയിൽ ഇന്ത്യൻ പോത്തിറച്ചിയെ പ്രിയപ്പെട്ടതാക്കുന്നത്. ഹോങ്കോങ്, വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, സൗദി അറേബ്യ, ഫിലിപ്പൈൻസ്, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇറച്ചി കയറ്റുമതി ചെയ്യുന്നത്.
അതെസമയം, പച്ചക്കറി ഉൾപ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയിലും വളർച്ചയുണ്ട്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ 410 കോടി ഡോളർ മൂല്യമുള്ള സംസ്കരിച്ച കാർഷിക ഭക്ഷ്യോത്പന്നങ്ങളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്.