ടൗട്ടെ ചുഴലിക്കാറ്റിൽ ഒറ്റപ്പെട്ട് ഇന്ത്യൻ മൽസ്യബന്ധന ബോട്ട് (ഐ എഫ് ബി) ബദ്രിയയിൽ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ണൂർ തീരത്തു നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) രക്ഷപ്പെടുത്തി.
2021 മെയ് 09 ന് തലശ്ശേരി ഹാർബറിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ മൽസ്യ ബന്ധന ബോട്ട് ബദ്രിയയെ മെയ് 14 ന് രാത്രി നടന്ന ധീരവും, വേഗതയേറിയതുമായ ഓപ്പറേഷനിലൂടെ ഐസിജി കപ്പൽ വിക്രം രക്ഷപ്പെടുത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ തന്നെ അടിയന്തര വൈദ്യസഹായം നൽകി. ഐസിജി ഹെഡ്ക്വാർട്ടേഴ്സ് നമ്പർ 4 കേരളവും മാഹിയുമാണ് സംസ്ഥാനത്ത് തിരച്ചിലിനും, രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത്. വളരെ പ്രഷുബ്ധനായ സമുദ്രസാഹചര്യങ്ങൾക്കിടയിലും കടലിലും കാറ്റിലും കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ഐസിജി കപ്പലുകൾ കടലിൽ ഇറങ്ങുകയായിരുന്നു എന്ന് ജില്ലാ കമാൻഡർ ഡിഐജി സനാതൻ ജെന പറഞ്ഞു.
കേരള തീരത്ത് നാശ നഷ്ടം വിതച്ച ടൗട്ടെ ചുഴലിക്കാറ്റ് ഇപ്പോൾ പതുക്കെ വടക്കൻ ദിശയിലേക്ക് നീങ്ങുകയാണ്. ബോട്ടുകളെ സുരക്ഷിതമായ വെള്ളത്തിലേക്കും കരയിലേക്കും നയിക്കുന്നതിനായി പുറം കടലിൽ ഐസിജി കപ്പലുകൾ തുടർച്ചയായി പട്രോളിംഗ് നടത്തുകയാണ്. റഡാർ സ്റ്റേഷനുകളിലൂടെയും പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വിമാനങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും വരാനിരിക്കുന്ന ചുഴലിക്കാറ്റ് കാലാവസ്ഥയെക്കുറിച്ചും ഐസിജി എല്ലാ മത്സ്യത്തൊഴിലാളികൾക്കും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘വയം രക്ഷാമ’, അഥവാ ‘ഞങ്ങൾ പരിരക്ഷിക്കുന്നു ’ എന്ന ആപ്തവാക്യത്തെ അന്വേർത്ഥമാക്കുന്ന രക്ഷാപ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് വീണ്ടും അതിന്റെ ചടുലതയും ദൃഢനിശ്ചയവും തെളിയിച്ചിരിക്കുന്നു.