രാജ്യത്തെ പ്രധാന ഗതാഗത മാർഗമാണ് റെയിൽവേ (Railway). ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിൽ ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നു. അതിനാൽ തന്നെ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനും അവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യൻ റെയിൽവേ (Indian Railway) നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
എന്നാൽ ഇപ്പോഴിതാ പുതിയതായി വരുന്ന വാർത്ത ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ ലഗേജ് സംബന്ധിച്ച് ചില മാറ്റങ്ങളും നിബന്ധനകളും വരുത്തിയെന്നതാണ്.
അതായത്, ട്രെയിന്‍ യാത്രയില്‍ അനുവദിച്ചിരിയ്ക്കുന്നതില്‍ അധികം ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ ഇനിമുതൽ റെയിൽവേ നടപടിയെടുക്കും എന്നതാണ് അറിയിപ്പ്.
ലഗേജ് അധികമായാൽ നടപടി
'അധിക ലഗേജ് (More baggage) കാരണം ട്രെയിൻ യാത്രയുടെ സന്തോഷം പകുതിയായി കുറഞ്ഞു. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അധിക ലഗേജുകൾ കൊണ്ടുപോകരുത്. നിങ്ങളുടെ പക്കൽ അധിക ലഗേജ് ഉണ്ടെങ്കിൽ, പാഴ്സൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്യുക,' എന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ ട്വീറ്റിലൂടെ അറിയിച്ചു.
ട്രെയിന്‍ യാത്രക്കാരെ സംബന്ധിക്കുന്ന ഈ പ്രധാന അറിയിപ്പ് ഇപ്പോഴും പലർക്കും അറിയില്ല. കൂടുതൽ ലഗേജുകൾ കൊണ്ടുപോകണം എന്നുണ്ടെങ്കിൽ പാർസൽ ഓഫീസിൽ നിന്ന് ലഗേജ് ബുക്ക് ചെയ്യണമെന്നാണ് റെയിൽവേ നിർദേശിക്കുന്നത്. അതിനാൽ തന്നെ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങൾ കൊണ്ടു പോകുന്ന യാത്രക്കാർക്കെതിരെ ഇന്ത്യൻ റെയില്‍വേ കർശന നടപടി സ്വീകരിക്കുന്നതാണ്.
നിരവധി യാത്രക്കാർ അധിക ലഗേജുകൾ കൊണ്ടുപോകുന്നത് തങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും അസൗകര്യം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് അധികൃതർ ഇത്തരമൊരു നടപടിയിലേക്ക് പോയത്.
ഓരോ യാത്രക്കാരനും സൗജന്യ അലവൻസ് അനുവദിച്ചിട്ടുണ്ട്. ഈ ഭാരത്തിലുള്ള ലഗേജുകൾ യാത്രക്കാർക്ക് സൗജന്യമായി കമ്പാർട്ട്മെന്റിലൂടെ തന്നെ കൊണ്ടുപോകാം. വിവിധ ക്ലാസുകൾ അടിസ്ഥാനമാക്കിയാണ് സൗജന്യ അലവൻസ് നിശ്ചയിച്ചിരിക്കുന്നത്.
5 വയസിനും 12 വയസ്സിന് താഴെയും പ്രായമുള്ള കുട്ടികൾക്ക് പരമാവധി 50 കിലോ വരെയുള്ള ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാൻ അനുവദിച്ചിട്ടുണ്ട്. അതായത്, ഇതിൽ കൂടുതൽ ലഗേജുമായി ആരെങ്കിലും യാത്ര ചെയ്‌താൽ പ്രത്യേക നിരക്ക് അടയ്ക്കണം. ഇതിനായി നിങ്ങൾക്ക് ഒരു മാർജിനൽ അലവൻസും അനുവദിച്ചിരിക്കുന്നു.
സ്ലീപ്പർ ക്ലാസിൽ യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് കൊണ്ടുപോകാനാകും. എന്നാൽ, എസി 3ടയർ 50 കിലോഗ്രാം വരെ ലഗേജ് അനുവദിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് എസിയിൽ യാത്രക്കാർക്ക് 70 കിലോ വരെ ലഗേജ് കൊണ്ടുപോകാനാകും. നിർദേശിക്കുന്നതിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്ക് പ്രത്യേക നിരക്ക് ബാധകമാണ്.
ഈ വസ്തുക്കൾക്ക് നിരോധനം
അതുപോലെ ഗ്യാസ് സിലിണ്ടറുകളോ കത്തുന്ന രാസവസ്തുക്കളോ പടക്കങ്ങളോ ആസിഡോ പോലുള്ള അപകടകരമായ വസ്തുക്കൾ ട്രെയിനിഷ അനുവദനീയമല്ല. ദുർഗന്ധം വമിക്കുന്ന വസ്തുക്കളും തുകലും ട്രെയിന്‍ യാത്രയില്‍ ഉൾപ്പെടുത്താനാവില്ല. ഈ നിർദേശം ലംഘിക്കുന്നവർക്ക് എതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം നടപടിയെടുക്കാനാകും.