കൊല്ലം: തീരമേഖലയിലെ അഭ്യസ്തവിദ്യരായവര്‍ക്ക് വിജ്ഞാനതൊഴില്‍ മേഖലയില്‍ അവസരമൊരുക്കുന്ന കേരള നോളെജ് ഇക്കോണമി മിഷന്റെ തൊഴില്‍തീരം പദ്ധതിക്ക് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ തുടക്കമായി. കരുനാഗപ്പള്ളി, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള വൈജ്ഞാനികതൊഴില്‍ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. വോളന്റിയര്‍മാര്‍ക്കുള്ള ഫീല്‍ഡ്തല പരിശീലനങ്ങള്‍ പൂര്‍ത്തിയായി.
അഞ്ച് നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 2250 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതാത് നിയോജക മണ്ഡലങ്ങളിലെ എം എല്‍ എ മാര്‍ അധ്യക്ഷരായുള്ള സംഘാടക സമിതികള്‍ക്കാണ് നിര്‍വഹണച്ചുമതല. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാന വര്‍ധനവും സാംസ്‌കാരിക - വിദ്യാഭ്യാസ ഉയര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പരിശീലനങ്ങള്‍ നേടിയ തൊഴിലന്വേഷകര്‍ക്ക് 2024 ജനുവരി ഏഴിന് പദ്ധതിയുടെ ഭാഗമായിനടത്തുന്ന പ്രത്യേക ജില്ലാതല തൊഴില്‍മേളയില്‍ പങ്കെടുക്കാം.
പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍മേള സംഘടിപ്പിക്കുന്നതിനുമായി സാഫ് ഫെസിലിറ്റേറ്റര്‍മാര്‍, പുനര്‍ഗേഹം മോട്ടിവേറ്റര്‍മാര്‍, മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍മാര്‍, സാഗര്‍മിത്രകള്‍ എന്നിവരെ വോളന്റിയര്‍മാരായി നിയമിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ് നിയോജക മണ്ഡലതല ചുമതല.