1. റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ-കെവൈസി ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി മസ്റ്ററിംഗ് പൂർത്തിയാക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്ത്, മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ്. മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തുന്നത് താലൂക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫീസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കുക.
2. കേരള തീരക്കടലിൽ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്രിമപ്പാരുകൾ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വിഴിഞ്ഞം നോർത്ത് ഹാർബറിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ശ്രീ. ജോർജ് കുര്യൻ നിർവഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എംപി, മേയർ ആര്യാ രാജേന്ദ്രൻ, ഫിഷറീസ്-തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടർ അബ്ദുൾ നാസർ ബി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 9 മറൈൻ ജില്ലകളിലെയും തീരക്കടലിൽ കൃത്രിമപ്പാരുകൾ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ 42 സ്ഥലങ്ങളിലായി 6300 കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആകെ 13.02 കോടി രൂപയുടെ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. 8 മുതൽ 10 ഗ്രാം വരെ വളർച്ചയെത്തിയ 10 ലക്ഷം മത്സ്യ വിത്തുകളാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുക.
3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തതനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എട്ട് ജില്ലകള്‍ൾക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും, അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ / ഇടത്തരമോ ആയ മഴയക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദത്തിന്റെയും തെക്കു കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയുടെയും സ്വാധീനത്താലാണ് വരും ദിവസങ്ങളിൽ മഴ സജീവമാകുന്നത്.