തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര വന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനം വകുപ്പ് നിയമിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കുള്ള സ്വീകരണ ചടങ്ങും ഇന്ന് ( മാർച്ച് 21) തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനം വകുപ്പിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും പി.എസ്.സി വഴി പ്രത്യേക റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വനം -വന്യജീവി വകുപ്പും പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പും സംയുക്തമായാണ് സ്വീകരണം നൽകുന്നത്. പട്ടികജാതി-പട്ടിക വർഗ്ഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ, ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പട്ടികവർഗ്ഗ വിഭാഗത്തിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി അവരുടെ പ്രത്യേക നിയമത്തിനായാണ് വനം വകുപ്പ് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ സൃഷ്ടിച്ചത്. കാടറിയുന്നവരെത്തന്നെ കാടിന്റെ കാവൽ ഏൽപിക്കുക എന്നതിലൂടെ അവരുടെ പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തി വനസംരക്ഷണത്തിൽ നേരിട്ടു പങ്കാളികളാക്കാൻ ഈ ഉദ്യമത്തിലൂടെ കഴിയും. രാജ്യത്ത് തന്നെ അപൂർവ്വമായ നടപടിയാണിത്.
കാസർഗോഡ്, പാലക്കാട്, ഇടുക്കി ജില്ലകളിലൊഴികെ മറ്റ് ജില്ലകളിലെ 355 ഉദ്യോഗാർത്ഥികൾക്ക് ഇതുവരെ പി.എസ്.സി. നിയമന ശുപാർശകൾ നൽകി. ഇതിൽ 284 പേർ പുരുഷൻമാരും, 71 പേർ വനിതകളുമാണ്. കാസർഗോഡ്, പാലക്കാട്, ഇടുക്കി ജില്ലകളിലെ 145 ഉദ്യോഗാർത്ഥികൾക്കുകൂടി പി.എസ്.സി. നിയമന ശുപാർശ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ നിയമന ഉത്തരവ് നൽകും. ഇപ്രകാരം നിയമന ഉത്തരവ് ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സംയുക്തമായുള്ള മൂന്ന് മാസത്തെ പോലീസ് ട്രെയിനിംഗും, ആറു മാസത്തെ ഫോറസ്ട്രി ട്രെയിനിംഗും ഉൾപ്പെടെയുള്ള ഇൻഡക്ഷൻ ട്രെയിനിംഗ് തൃശൂർ പോലീസ് ട്രെയിനിംഗ് അക്കാഡമിയിൽ ഏപ്രിൽ 17 മുതൽ നടത്തും.
ഈ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ വനം വന്യജീവി സംരക്ഷണത്തിനും, വനം വകുപ്പിനും അതിലുപരി കേരളീയ സമൂഹത്തിനും മുതൽക്കൂട്ടാകും. പ്രതിമാസം ഒരു കോടി അറുപത്തി ആറ് ലക്ഷം (16,660,000) രൂപ ക്രമത്തിൽ പ്രതിവർഷം 20 കോടി രൂപ സർക്കാരിന് ഇതുവഴി ചെലവ് പ്രതീക്ഷിക്കുന്നു. 500 പട്ടികവർഗ കുടുംബങ്ങൾക്ക് ഇതുവഴി ജീവനോപാധിയും ശോഭനമായ ഭാവിയും ലഭിക്കും. ഇപ്രകാരം ചുമതലയേൽക്കുന്ന ജീവനക്കാരന് ആദ്യമാസശമ്പളമായി 31,809/-രൂപ ലഭിക്കും.