തിരുവനന്തപുരം: ബൗദ്ധിക സ്വത്തുക്കളും നവീകരണങ്ങളും സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള രാജ്യാന്തര സെമിനാർ ഈ മാസം 3 ന് ( 2023 മാർച്ച് 3-ന് ) തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ (സി ടി സി ആർ ഐ) സംഘടിപ്പിക്കും.
ഇന്ത്യൻ പേറ്റന്റ് ഓഫീസ് (IPO), ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി സഹകരിച്ച്, പേറ്റന്റ് സഹരണ ഉടമ്പടി (PCT) വഴി ആഗോളതലത്തിൽ ബൗദ്ധിക സ്വത്തുക്കളും നവീകരണങ്ങളും സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിൽ നടത്തുന്ന മൂന്ന് സെമിനാറുകളിൽ ഒന്നാണിത്.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര കിഴങ്ങ് വിള ഗവേഷണ ശാസ്ത്രജ്ഞർക്ക് അഭിമാന നേട്ടം..
പേറ്റന്റ് സഹകരണ ഉടമ്പടി അപേക്ഷകരെ അവരുടെ കണ്ടുപിടുത്തങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പേറ്റന്റ് പരിരക്ഷ തേടുന്നതിന് സഹായിക്കുകയും ആ കണ്ടുപിടുത്തങ്ങളുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക വിവരങ്ങളിൽ പൊതുജനങ്ങൾക്ക് അവബോധം നൽകുകയും ചെയ്യും. കമ്പനികൾക്കും നവീനാശയക്കാർക്കും ഒന്നിലധികം രാജ്യങ്ങളിലെ തങ്ങളുടെ കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് പരിരക്ഷ തേടുന്നത് ഉടമ്പടി എളുപ്പവും ചെലവ് കുറഞ്ഞതുമാക്കുന്നു.
ഉടമ്പടിക്ക് കീഴിലുള്ള ഒരൊറ്റ അന്താരാഷ്‌ട്ര പേറ്റന്റ് അപേക്ഷയ്ക്ക് ഉടമ്പടിക്ക് വിധേയമായ എല്ലാ രാജ്യങ്ങളിലും നിയമപരമായ പ്രാബല്യമുണ്ട്. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയിലും, ഇന്ത്യൻ പേറ്റന്റ് ഓഫീസിൽ നിന്നുമുള്ള വിദഗ്ധർ സെമിനാറിൽ സംബന്ധിക്കും. ഇന്ത്യൻ ഉപയോക്താക്കൾക്ക് സ്വന്തം അക്കൗണ്ടുകൾ സൃഷ്ടിക്കാനും ePCT സംവിധാനത്തെയും മറ്റ് പേറ്റന്റ് ടൂളുകളെയും ആക്‌സസ് ചെയ്യാനും സഹായിക്കുന്നതിനുള്ള അവസരമായിരിക്കും. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ അന്താരാഷ്ട്ര അപേക്ഷകൾ ഓൺലൈനായി ഫയൽ ചെയ്യാനും നിയന്ത്രിക്കാനും കഴിയും.
ജനീവയിലെ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ പേറ്റന്റ് ആൻഡ് ടെക്നോളജി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ലിസ ജോർജൻസൺ, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ സഹകരണ വിഭാഗം പിസിടി ഇന്റർനാഷണൽ ഡയറക്ടർ ക്രിസ്റ്റിൻ ബോൺവാലറ്റ് എന്നിവർ സെമിനാറിനെ അഭിസംബോധന ചെയ്യും. ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ.ജി.ബൈജു അധ്യക്ഷ പ്രസംഗം നടത്തും.