സുരക്ഷിതമായ ഭാവിയ്ക്കും കോവിഡ് പോലുള്ള സാഹചര്യങ്ങളെ അനായാസം അഭിമുഖീകരിക്കാനും പണം സമ്പാദിച്ചു വയ്ക്കേണ്ടത് അനിവാര്യമാണ്. അതിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികൾ തെരെഞ്ഞെടുക്കുന്നതും പ്രധാനമാണ്. ഇന്ന് കൂടുതൽ റിട്ടേണിനായി മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുമുണ്ട്. പുതുവത്സരത്തിന് നല്ല റിട്ടേൺ ലഭിക്കാൻ സാധ്യതയുള്ള ചില നിക്ഷേപരീതികൾ നോക്കാം.
- റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് മികച്ച മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. കയ്യിലുള്ള തുക കണക്കാക്കി പ്രതിമാസ തവണകളായി ഒരു എസ്ഐപി തുടങ്ങുകയുമാകാം. 3,000 രൂപയോ 5,000 രൂപയോ ഒക്കെ മികച്ച ഫണ്ടുകളിലെ നിക്ഷേപത്തിനായി നീക്കി വക്കാം. ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ അസറ്റ് മാനേജ്മന്റ് കമ്പനികളുടെ സഹായം തേടാം. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഫണ്ടുകളെയും ബാധിക്കാമെങ്കിലും മികച്ച ഫണ്ടുകളിലെ ദീർഘകാല നിക്ഷേപം നേട്ടം തരും. പ്രത്യേകിച്ച് വിപണി അനുകൂലമായ സമയങ്ങളിൽ ഹ്രസ്വകാല നേട്ടവുമുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതികൾ
- റിസ്ക്ക് എടുക്കാൻ ഇഷ്ടമില്ലാത്തവർക്ക് പരാമ്പരാഗത നിക്ഷേപ മാർഗങ്ങളെ ആശ്രയിക്കാം. ശ്രദ്ധിക്കേണ്ട കാര്യം നിക്ഷേപിക്കുന്ന പണത്തിന് മികച്ച റിട്ടേൺ നൽകുന്ന മാർഗം തിരഞ്ഞെടുക്കണം എന്നതാണ്. ഉദാഹരണത്തിന് ഹ്രസ്വകാല സ്ഥിരനിക്ഷേപമാണ് മനസിൽ എങ്കിൽ ആ കാലയളവിലെ ബാങ്ക്, പോസ്റ്റോഫീസ് നിരക്കുകൾ താരതമ്യം ചെയ്യാം. ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികൾക്ക് കീഴിൽ തന്നെ നിക്ഷേപിക്കാം. ഉദാഹരണത്തിന് മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന് ഇപ്പോൾ പോസ്റ്റോഫീസ് സീനിയർ സിറ്റീസൺസ് സേവിങ്സ് സ്കീമിന് കീഴിൽ ഉയർന്ന പലിശ ലഭ്യമാണ്.
- ചില സ്മോൾ ഫിനാൻസ് ബാങ്കുകൾ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അഞ്ചു ലക്ഷം രൂപ വരെയുള്ള തുകക്കാണ് ഇൻഷുറൻസ് സംരക്ഷണം ഉള്ളത്. പണം നിക്ഷേപിക്കുന്ന ധനകാര്യ സ്ഥാപനത്തിൻെറ സാമ്പത്തിക സ്ഥിതിയും വിശ്വാസ്യതയും ഉറപ്പാക്കണം. പെൻഷൻ ലക്ഷ്യമിട്ട് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് എൻപിഎസ്, പിപിഎഫ്, സർക്കാരിൻെറ മറ്റു പദ്ധതികൾ എന്നിവയും പരിഗണിക്കാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപങ്ങളിലൂടെ മികച്ച റിട്ടയർമൻറ് സമ്പാദ്യം സ്വരുക്കൂട്ടാനുമാകും.
- കഴിഞ്ഞ വർഷം ഏകദേശം 13 ശതമാനം വരെ സ്വർണ വില ഉയർന്നിരുന്നു. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ പോലെ റിസ്ക് കുറഞ്ഞ ഓപ്ഷനായതിനാൽ സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരുണ്ട്. ഗോൾഡ് ഇടിഎഫുകളും സോവറിൻ ഗോൾഡ് ബോണ്ടുകളും നിക്ഷേപ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം. മൊത്തം നിക്ഷേപ തുകയുടെ 10-15 ശതമാനം വരെ ഇത്തരം നിക്ഷേപങ്ങൾക്കായി നീക്കി വക്കാം. അല്ലെങ്കിൽ ഗോൾഡ് കോയിനുകളോ ബുള്ള്യനുകളോടെ വാങ്ങി സൂക്ഷിക്കാം.
- റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താം. കാരണം ഓരോ തുണ്ട് ഭൂമിയ്ക്കും ഭാവിയിൽ വില വർധിക്കും എന്നതിനാൽ കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന നിക്ഷേപങ്ങൾ അടുത്ത തലമുറക്കും മുതൽക്കൂട്ടാകും.