ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും പുതിയ സൗകര്യങ്ങൾ വിപുലീകരിച്ചും ഇന്ത്യൻ റെയിൽവേ കോടിക്കണക്കിന് യാത്രക്കാർക്ക് വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകുന്നുണ്ട്. യാത്രക്ലേശങ്ങളെ ദൂരീകരിക്കുന്നതിനായി ഓൺലൈൻ സംവിധാനങ്ങളെ ഇന്ത്യൻ റെയിൽവേ (IRCTC) മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇത്തരത്തിൽ റെയിൽവേ നടപ്പിലാക്കിയ ഒരു സൗകര്യമാണ് IRCTC ഇ-വാലറ്റ്. ഈ സൗകര്യം വഴി നിങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ റെയിൽവേ ടിക്കറ്റുകൾ, വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം.
IRCTC ഇ-വാലറ്റ്; കൂടുതലറിയാം (E- Wallet; More to know)
IRCTC ഇ-വാലറ്റ് വഴി പണമടയ്ക്കുന്നത് തികച്ചും സുരക്ഷിതമാണ്. ഇതിൽ, പുതുക്കൽ ഫീസായി നിങ്ങൾക്ക് അധിക ചാർജൊന്നും നൽകേണ്ടതില്ല. കൂടാതെ, ഇത് സമയം ലാഭിക്കാനും ഉത്തമമായ മാർഗമാണ്. അതിനാൽ തന്നെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ സംവിധാനം തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ IRCTC ഇ-വാലറ്റ് വഴി ബുക്ക് ചെയ്യുന്ന രീതിയെക്കുറിച്ച് അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
ഇതിനായി ആദ്യം IRCTC വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
ഇവിടെ നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകാവുന്നതാണ്. അതിനുശേഷം നിങ്ങളുടെ സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കുക. അതിനുശേഷം, നിങ്ങൾക്ക് IRCTC ഇ-വാലറ്റിൽ കുറഞ്ഞത് 100 രൂപയും പരമാവധി 10,000 രൂപയും നിക്ഷേപിക്കാം. സാധാരണ ടിക്കറ്റ് ബുക്കിങ് പ്രക്രിയയ്ക്ക് ശേഷം പേയ്‌മെന്റിനുള്ള ബാങ്കിന്റെ പേയ്‌മെന്റ് ഓപ്ഷന് പകരം ഐആർസിടിസി ഇ-വാലറ്റ് വഴി പണമടക്കുക. വെറും 10 സെക്കൻഡിനുള്ളിൽ ഇങ്ങനെ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യൻ റെയിൽവേയുടെ അഭിപ്രായത്തിൽ, ഐആർസിടിസി ഇ-വാലറ്റ് എന്നത് ഉപയോക്താക്കൾക്ക് ഇന്ത്യൻ റെയിൽവേയിൽ മുൻകൂറായി പണം നിക്ഷേപിക്കാനും പിന്നീട് ടിക്കറ്റ് ബുക്കിങ് സമയത്ത് പണം നൽകാനും കഴിയുന്ന ഒരു പദ്ധതിയാണ്. IRCTC വാഗ്ദാനം ചെയ്യുന്ന ഈ പേയ്‌മെന്റ് ഓപ്ഷൻ വഴി വേഗത്തിലുള്ള റീഫണ്ടുകളും സുതാര്യമായ പേയ്‌മെന്റ് സംവിധാനവും ബുക്കിംഗുകളിൽ ഓഫറുകളും ലഭിക്കുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
IRCTC ഇ-വാലറ്റ്; നിബന്ധനകൾ (Features of IRCTC E-Wallet)
ഇന്ത്യൻ പൗരന്മാർക്കും, ഇന്ത്യയിലെ സിം കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും ഉപയോഗിച്ച് മാത്രമേ IRCTC ഇ-വാലറ്റ് സേവനം ലഭ്യമാകൂ. ഉപയോക്താവിന്റെ IRCTC ഇ-വാലറ്റ് അക്കൗണ്ടിൽ അനുവദിച്ചിരിക്കുന്ന പരമാവധി തുക 10,000 ആണ്. ഇ-വാലറ്റ് സേവനം ലഭിക്കുന്നതിന് IRCTC രജിസ്‌ട്രേഷൻ ഫീ 50 രൂപയും ബാധകമായ നികുതികളും ഈടാക്കുന്നു. ഓരോ ഇടപാടിനും സേവന നികുതിയോടൊപ്പം 10 രൂപയുടെ ഇടപാട് ചാർജും ബാധകമാണ്. ഇതുകൂടാതെ, ടിക്കറ്റ് റദ്ദാക്കിയാൽ, കുടിശ്ശിക റീഫണ്ട് അടുത്ത ദിവസം തന്നെ IRCTC ഇ-വാലറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.