അടിമുടി മാറ്റങ്ങളുമായി വരികയാണ് ഇന്ത്യൻ റെയിൽവേ (Indian Railway). ട്രെയിൻ ടിക്കറ്റ് പോസ്റ്റ് ഓഫീസിൽ നിന്ന് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഇന്ത്യൻ റെയിൽവേ ഒരുക്കിയിരുന്നു. കൂടാതെ, പ്ലാറ്റ്ഫോം ടിക്കറ്റ് ഉപയോഗിച്ച് അടിയന്തര ആവശ്യങ്ങൾക്ക് യാത്ര ചെയ്യാനും സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
എന്നാൽ, ഏറ്റവും പുതിയതായി വരുന്ന IRCTC അപ്ഡേറ്റ് എന്തെന്നാൽ, ഇനി മുതൽ യാത്രക്കാർക്ക് കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന്റെ പരിധി ഉയർത്താൻ തീരുമാനിച്ചു.
റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 6 ടിക്കറ്റുകൾ മാത്രം ബുക്ക് ചെയ്യാമെന്ന പരിധി 12 ടിക്കറ്റുകളായി (Ticket booking) വർധിപ്പിച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഉപയോക്താവിനുള്ള പരിധിയാണിത്. അതേ സമയം, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു യൂസർ ഐഡി വഴി ഒരു മാസത്തിനുള്ളിൽ പരമാവധി 12 ടിക്കറ്റുകൾ മുതൽ 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ ഒരു യാത്രക്കാരന് ആധാർ ലിങ്ക് ചെയ്യാത്ത ഒരു ഉപയോക്തൃ ഐഡി ഉപയോഗിച്ച് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് എടുക്കാം.
അതിനിടെ, ഈ വർഷം ഏകദേശം 9,000 ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയെന്നും അതിൽ 1,900 ലധികം എണ്ണം കൽക്കരി നീക്കം മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ റദ്ദാക്കിയതാണെന്നും റെയിൽവേ അറിയിച്ചു.
നാഷണൽ ട്രാൻസ്‌പോർട്ടർ പറയുന്നതനുസരിച്ച്, അറ്റകുറ്റപ്പണികൾക്കും നിർമാണ ആവശ്യങ്ങൾക്കുമായി 6,995 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൽക്കരി നീക്കത്തെ തുടർന്ന് മാർച്ച് മുതൽ മെയ് വരെ 1,934 ട്രെയിൻ സർവീസുകൾ റദ്ദാക്കി.
ഇതുവരെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലൂടെ 12 ടിക്കറ്റുകളായിരുന്നു ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് പ്രതിമാസം ആറ് ടിക്കറ്റുകളും ബുക്ക് ചെയ്യാം എന്നായിരുന്നു. ഇതാണ് 12ലേക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കാനും അനധികൃത ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് റെയിൽവേയുടെ പുതിയ നടപടി. മാത്രമല്ല, ഒരാൾക്ക് തന്നെ ബന്ധുക്കൾക്കുള്ള ടിക്കറ്റും സുഹൃത്തുക്കൾക്കുള്ള ടിക്കറ്റും ബുക്ക് ചെയ്യാമെന്നതും മറ്റൊരു പ്രത്യേകതയാണ്.
യാത്രക്കാര്‍ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ ഇടനിലക്കാരെ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങില്‍ നിന്നും ഒഴിവാക്കാനും സാധിക്കും. യാത്രക്കാർക്ക് സുഖപ്രദമായ യാത്രയും സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ പുതിയ നിയമങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നത്.
Digital India യുടെ സഹായത്തോടെ ഇത്തരത്തിൽ നിരവധി പരിഷ്ക്കാരങ്ങളാണ് IRCTC നടപ്പാക്കിയിട്ടുള്ളത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നീണ്ട നിരയെ ആശ്രയിക്കുന്നതിന് പരിഹാരമായി ഓൺലൈൻ സേവനങ്ങൾ തന്നെ പ്രയോജനപ്പെടുത്തുന്നത് ഇതുവഴി പ്രോത്സാഹിപ്പിക്കാനാകും.