നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിശ്വപ്രസിദ്ധമായ ജമ്മു- കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കുറഞ്ഞ ചെലവിൽ ഈ യാത്ര സഫലമാക്കാനുള്ള സുവർണാവസരമാണ് നിങ്ങൾക്കായി ഒരുങ്ങുന്നത്. നവരാത്രിയോട് അനുബന്ധിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ IRCTC നവരാത്രി പ്രത്യേക ട്രെയിൻ ടൂർ പാക്കറ്റ് പ്രഖ്യാപിച്ചു. ഈ പാക്കേജ് അനുസരിച്ച് സെപ്റ്റംബർ 30നാണ് കത്രയിലേക്കുള്ള ട്രെയിൻ യാത്ര.
എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ നവരാത്രി കാലത്ത് മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വൻ തിരക്കാണ് പൊതുവെ ഈ സമയത്ത് അനുഭവപ്പെടുന്നത്.
പലപ്പോഴും കൺഫേം ചെയ്ത ടിക്കറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതിനാലാണ് നവരാത്രി ദിനത്തിൽ തീർഥാടകരുടെ സൗകര്യാർഥം ഈ പാക്കേജ് അവതരിപ്പിക്കാൻ ഐആർസിടിസി- IRCTC തീരുമാനിച്ചിരിക്കുന്നത്.
ബുക്കിങ് നടത്തുന്നതിന്- For IRCTC booking
ഐആർസിടിസി നൽകിയ വിവരമനുസരിച്ച്, ഈ ട്രെയിൻ ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് സെപ്റ്റംബർ 30ന് പുറപ്പെടും. ഈ ടൂർ പാക്കേജിന്റെ ദൈർഘ്യം 4 രാത്രിയും 5 പകലുമാണ്. ഗാസിയാബാദ്, മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, അംബാല, സിർഹിന്ദ്, ലുധിയാന തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ടൂർ പാക്കേജ് പ്രയോജനപ്പെടുത്തി ബുക്കിങ് നടത്താം.
പാക്കേജിലൂടെ ലഭിക്കുന്ന സൗകര്യങ്ങൾ
600 യാത്രക്കാർക്ക് ഇരിക്കാവുന്ന ഈ ട്രെയിനിൽ 11 കോച്ചുകൾ എസി ത്രീ ടയർ ആയിരിക്കും. ട്രെയിനിലെ വിനോദസഞ്ചാരികളുടെ സൗകര്യാർഥം സസ്യാഹാരത്തിനുള്ള ക്രമീകരണവും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം യാത്രക്കാർക്കുള്ള താമസ സൗകര്യവും ഐആർസിടിസി- IRCTC ഒരുക്കും. ഭാരത് ഗൗരവ് യാത്രയ്ക്ക് കീഴിൽ റെയിൽവേ മന്ത്രാലയമാണ് ഇത് നടപ്പിലാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: IRCTC Tour Package: കീശ കീറാതെ ലോകം ചുറ്റാം, കുറഞ്ഞ ബജറ്റിൽ വിദേശ യാത്ര
ബുക്കിങ് നടത്തുന്നത് അനുസരിച്ചാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് IRCTC വെബ്സൈറ്റ് www.irctctourism.com സന്ദർശിക്കുക. ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്യുന്നതിന് ഓരോ വ്യക്തിയുടെയും ചെലവ് 13,780 രൂപയാണ്. എന്നാൽ നിങ്ങൾ 2 പേർക്ക് ബുക്ക് ചെയ്യുകയാണെങ്കിൽ, ഒരാൾക്ക് 11,990 രൂപ നൽകണം. താമസം, ഗതാഗതം, ഭക്ഷണം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. ഇതിൽ ജിഎസ്ടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ 10,795 രൂപയാണ് അടക്കേണ്ടത്.
മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ഷെഡ്യൂളും ഇന്ത്യൻ റെയിൽവേ ക്രമീകരിച്ചിട്ടുണ്ട്. കത്രയിൽ എത്തിച്ചേരുന്ന ദിവസം ഉച്ചഭക്ഷണത്തിന് ശേഷം തീർഥാടകർ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്നു. രാവും പകലും സന്ദർശകർക്ക് താമസിക്കാൻ സൗകര്യമുള്ള സ്ഥലമാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രം.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതിമനോഹരമായ ചരിത്ര സ്ഥലങ്ങളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തോടൊപ്പം സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ് ട്രെയിൻ. രണ്ട് ഭാരത് ഗൗരവ് ട്രെയിനുകളാണ് റെയിൽവേ ഇതിന്റെ ഭാഗമായി യാത്ര നടത്തിയത്. പാക്കേജ് സംബന്ധമായ വിവരങ്ങൾക്ക് 9717641764, 9717648888 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.