കൊച്ചി: രാജ്യത്ത് കൊവിഡ് ചികിത്സയ്ക്കും വാക്സിനേഷനും ആധാർ നിർബന്ധമില്ല. ആധാർ കാർഡ് ഇല്ലാത്തതിനാൽ ആർക്കും വാക്സിൻ, മരുന്ന്, ആശുപത്രി പ്രവേശനം, ചികിത്സ എന്നിവ നിഷേധിക്കരുതെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.
ഒരു അവശ്യ സേവനവും നിഷേധിക്കുന്നതിനുള്ള ഒഴികഴിവായി ആധാർ ദുരുപയോഗം ചെയ്യരുതെന്നും യുഐഡിഎഐ വ്യക്തമാക്കി.
ആധാറിനായി സ്ഥാപിതമായ ഒരു എക്സെപ്ഷൻ ഹാൻഡ്‌ലിങ് മെക്കാനിസം (ഇഎച്ച്എം) ഉണ്ടെന്നും 12 അക്ക ബയോമെട്രിക് ഐഡിയുടെ അഭാവത്തിൽ ആനുകൂല്യങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് ഇത് പാലിക്കണമെന്നും യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.
ഏതെങ്കിലും കാരണത്താൽ ഒരാൾക്ക് ആധാർ കാർഡ് ഇല്ലെങ്കിലോ അല്ലെങ്കിൽ ആധാർ ഓൺലൈൻ പരിശോധന വിജയിച്ചില്ലെങ്കിലോ ആ വ്യക്തിയ്ക്ക് അവശ്യ സേവനങ്ങൾ നിഷേധിക്കരുത്.
ബന്ധപ്പെട്ട ഏജൻസിയോ വകുപ്പോ 2016 ലെ ആധാർ നിയമത്തിൽ വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്കനുസൃ തമായി സേവനം നൽകേണ്ടതുണ്ടെന്നും യുഐഡിഎഐ അറിയിച്ചു. ഇത്തരം സേവനങ്ങളോ ആനുകൂല്യങ്ങളോ നിരസിക്കുകയാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും യുഐഡിഎഐ നിർദ്ദേശിച്ചു.
രാജ്യത്തെ ചിലയിടങ്ങളിൽ ആധാർ ഇല്ലാത്തതിനാൽ ചികിത്സയും വാക്സിനും നിഷേധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തത്തിലാണ് യുഐഡിഎഐ ആധാറിന്റെ കാര്യത്തിൽ വ്യക്തത വരുത്തിയത്.
സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പൊതു സേവനങ്ങളുടെ വിതരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാനാണ് ആധാർ ഉദ്ദേശിക്കുന്നത്. 2017 ഒക്ടോബർ 24ലെ സർക്കുലർ പ്രകാരം ഒരു ഗുണഭോക്താവിനും ആധാറിന്റെ അഭാവത്തിൽ ആനുകൂല്യങ്ങളും സേവനങ്ങളും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇത് ഉറപ്പുവരുത്തുന്നതിന് ആധാർ നിയമത്തിലെ സെക്ഷൻ 7 പ്രകാരമുള്ള പ്രസക്തമായ വ്യവസ്ഥകൾ ഉണ്ടെന്നും യുഐഡിഎഐ പറഞ്ഞു.