പണമില്ലാത്തതിൻ്റെ പേരിൽ ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കാൻ പാടില്ലെന്നതാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തൃശ്ശൂർ ജില്ലയിലെ കോർപറേഷൻ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, പീഡിയാട്രിക് ഐസിയു, എ എം ആർ ലാബ്, ബ്രോങ്കോസ്കോപ്പി എന്നിവയുടെ ഉദ്ഘാടനവും എസ് ടി പി പ്ലാന്റിന്റെ നിർമ്മാനോദ്ഘാടനവും നിർവഹിച്ചു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കഠിന ശിക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്റെ സംരക്ഷണം ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 70 ശതമാനം ജനങ്ങളും ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയാണ് ആശ്രയിക്കുന്നത്. മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ ആയി മാറുമ്പോൾ പ്രദേശത്തെ മുഴുവൻ കുടുംബങ്ങളുടെയും ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമാക്കുന്നത്. കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കുന്നതിന് സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല ഇതിനുവേണ്ട സ്കിൽ ലാബ് ഒരുക്കുവാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം തിരുവനന്തപുരം ആർസിസിയിലും, തലശ്ശേരി മലബാർ കാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിക്കും. കേരളത്തിന്റെ ആരോഗ്യ മേഖല ബ്രാൻഡഡ് ആണ്. കേരളത്തെ ഒരു ഹെൽത്ത് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഞ്ചു കോടി രൂപയുടെ വികസന പദ്ധതികളാണ് ജനറൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്.
ചടങ്ങിൽ മേയർ എൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുത്തു. എംപി ഫണ്ടിൽനിന്ന് 27 ലക്ഷം രൂപ ചെലവഴിച്ച് ഐസിയു ആംബുലൻസ് ജനറൽ ഹോസ്പിറ്റലിന് നൽകുമെന്ന് ടി എൻ പ്രതാപൻ എംപി ഉറപ്പുനൽകി. ഗ്യാസ്ട്രോ സ്കോപ്പി ആൻഡ് കോളണോസ്കോപ്പിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർത്രോസ്കോപ്പി മെഷീന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. നെഫ്രോളജി ഓപി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമത്തിനായി ട്രസ്റ്റ് വർക്ക് ചെയ്തതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ എം എൽ റോസി നിർവഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, ലാലി ജെയിംസ്, സാറമ്മാ റോബ്സൺ, ഡിപിഎം ടി വി റോഷ്, സൂപ്രണ്ടിങ് എഞ്ചിനീയർ ഷൈബി ജോർജ്, കോർപറേഷൻ ലേ സെക്രട്ടറി ടി എസ് ജ്യോതിഷ്, എച്ച് എം സി മെമ്പർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.