കോട്ടയം: മുതിർന്ന പൗരന്മാർ സമൂഹത്തിൽ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് വികസിത സമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ്, കോട്ടയം, പാലാ സാമൂഹ്യ സുരക്ഷാ മിഷൻ മെയിന്റനൻസ് ട്രൈബ്യൂണൽ എന്നിവയുടെ നേതൃത്വത്തിൽ പാലാ ദൈവദാസൻ സെന്ററിൽ വച്ച് നടത്തിയ രാജ്യാന്തര വയോജന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ബന്ധപ്പെട്ട വാർത്തകൾ: മുതിർന്ന പൗരൻമാർക്ക് ഇരട്ടി വരുമാനം; ഈ പദ്ധതികളിൽ ചേരാനുള്ള അവസാന അവസരം
അണുകുടുംബ വ്യവസ്ഥയിൽ വയോജനങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനും മാറ്റി നിർത്തപ്പെടലിനും ഇതു പോലുള്ള കൂട്ടായ്മകളിലൂടെ ചെറിയ തോതിലുള്ള പരിഹാരം ഉണ്ടാകും. ഇത്തരത്തിലുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ് നിർമ്മല ജിമ്മി പറഞ്ഞു.
പാലാ നഗരസഭ അധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ചടങ്ങിൽ അധ്യക്ഷനായിരുന്നു. ആർ.ഡി.ഒയും പാലാ മെയിന്റനൻസ് ട്രൈബ്യൂണൽ ചെയർമാനുമായ പി.ജി. രാജേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.
പി.പി. ഐസക്, സി.പി. അന്ന, ജോസഫ് ചാവേലി എന്നീ മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ വയോജന കൗൺസിൽ അംഗം ടി. എൻ വാസുദേവൻ നായർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി.എ. ഷംനാദ്, സാമൂഹ്യ സുരക്ഷാ മിഷൻ കോർഡിനേറ്റർ നൗഫൽ കെ. മീരാൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയർ സൂപ്രണ്ട് എൻ.പി. പ്രമോദ് കുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ എം.പി ജോസഫ്, മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ പി.എച്ച് ചിത്ര, സ്റ്റെഫി മരിയ ജോസ്, പാല ദൈവദാസൻ സെന്റർ ഡയറക്ടർ സിസ്റ്റർ ചെറുപുഷ്പം എസ്.എം.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മുതിർന്ന പൗരന്മാരുടെ കലാപരിപാടികളും അരങ്ങേറി.