കോഴിക്കോട്: സർവ്വ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട മണ്ണിന് സംരക്ഷണ കവചമൊരുക്കാൻ നമുക്ക് സാധിക്കണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മണ്ണിന് ഹാനികരമാകുന്ന സർവ്വ വസ്തുക്കളെ കുറിച്ചും നാം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഹരിതസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
മനുഷ്യന്റെ ആരോഗ്യത്തിനും ജൈവ വൈവിധ്യത്തിനും ഹാനികരമാകുന്ന പ്ലാസ്റ്റിക്കിനെതിരെ ഓരോ വ്യക്തിയും കടുത്ത ജാഗ്രത പുലർത്തണം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണിന്റെ pH തരം എങ്ങനെ വീട്ടിൽ തന്നെ തിരിച്ചറിയാം?
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.കെ സബിന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതകർമ്മ സേനാ പ്രവർത്തകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ക്വിസ് മത്സരം, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചവർക്കുള്ള സമ്മാനങ്ങളും കൈമാറി. കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിതകർമ്മ സേന റിപ്പോർട്ട് വിനീത, വി.ഇ.ഒ ബിനില എന്നിവർ അവതരിപ്പിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മൂന്നു ഗ്രൂപ്പുകളായി ചർച്ച നടത്തി. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ ബാബു മാസ്റ്റർ റിപ്പോർട്ട് ക്രാേഡീകരിച്ചു. കില റിസോഴ്സ് പേഴ്സൺ പി രാജേന്ദ്രൻ മാസ്റ്റർ, ടി കെ അജിത്കുമാർ എന്നിവർ സംസാരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ ജയലക്ഷ്മി നന്ദിയും പറഞ്ഞു