വയനാട്: ഗുണനിലവാരമുള്ള കാലിത്തീറ്റകള്‍ കര്‍ഷകരുടെ അവകാശമാണെന്നും ഇവ ലഭ്യമാക്കാന്‍ നിയമസഭയില്‍ നിയമം കൊണ്ടുവരുമെന്നും ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീര കര്‍ഷക സംഗമം മീനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന കാലിത്തീറ്റകളുടെ ഗുണനിലവാരം പരിശോധിക്കും. ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം വിതരണാനുമതി നല്‍കും. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ വില്‍ക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. 15 സാമാജികര്‍ ഉള്‍പ്പെട്ട സമിതി ഗുണനിലവാരമുള്ള കാലിത്തീറ്റയുടെ വിതരണം ഉറപ്പുവരുത്തും. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കാലിത്തീറ്റയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരുന്നത്. അസംസ്‌കൃത വസ്തുക്കള്‍ കേരളത്തില്‍തന്നെ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമം നടത്തിവരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ മില്‍മ, കേരളാ ഫീഡ് എന്നിവയിലൂടെ ഗുണനിലവാരമുള്ള കാലിത്തീറ്റകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. തീറ്റപ്പുല്ല് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിവധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
1 ഏക്കര്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നവര്‍ക്ക് 16,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.സൈലേജ് പോലെയുള്ള കാലിത്തീറ്റ കൂടുതല്‍ പാല്‍ കിട്ടുന്നതിന് സഹായകമാണ്. സൈലേജ് കാലിത്തീറ്റ മില്‍മ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്. കേരള ഫീഡ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് മുതലമടയില്‍ 5 ഏക്കര്‍ സ്ഥലത്ത് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ചോളം കൃഷി ചെയ്യുന്നുണ്ട്. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മികച്ച ക്ഷീര കാര്‍ഷിക മാതൃകകള്‍ സംസ്ഥാനത്ത് നടപ്പിലാക്കും. ജില്ലയില്‍ സീനിയര്‍ വെറ്ററിനറി സര്‍ജനില്ലാത്തതും ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ ഗോപാല്‍രത്‌ന അവാര്‍ഡ് നേടിയ മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകണ സംഘത്തെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകനായി സുല്‍ത്താന്‍ ബത്തേരി ക്ഷീര സംഘത്തിലെ മോഹന്‍ദാസിനെയും വനിതാ ക്ഷീര കര്‍ഷകയായി തൃശ്ശിലേരി ക്ഷീര സംഘത്തിലെ ജിഷ പൗലോസിനെയും ക്ഷീര കര്‍ഷക ക്ഷേമനിധി അവാര്‍ഡ് ജേതാവ് പുല്‍പ്പള്ളി ക്ഷീര സംഘത്തിലെ ടി.വി. ബിനോയിയെയും മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷീരകര്‍ഷകയായി സുധ സുരേന്ദ്രനെയും മികച്ച യുവ ക്ഷീര കര്‍ഷകനായ അമൃത് ജ്യോതിഷിനെയും ഉപഹാരം നല്‍കി ആദരിച്ചു. മീനങ്ങാടി സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു.
ജില്ലയുടെ പാല്‍ സംഭരണം 253500 ലിറ്റര്‍
ജില്ലയില്‍ 56 ക്ഷീര സംഘങ്ങളിലായി പ്രതിദിനം 53500 ലിറ്ററോളം പാല്‍ സംഭരിക്കുന്നുണ്ട്. പാലുത്പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് വയനാട്. ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി, തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, ക്ഷീര സംഘങ്ങള്‍ക്കുള്ള സഹായം, ഗ്രാമീണ വിഞ്ജാന വ്യാപന പ്രവര്‍ത്തനങ്ങള്‍, വയനാട് പാക്കേജ്, ഗുണ നിയന്ത്രണ ലാബ് ശാക്തീകരണം, കാലിത്തീറ്റ ധനസഹായം തുടങ്ങിയ പദ്ധതികളിലായി 3.96 കോടി രൂപ ജില്ലയില്‍ ചെലവഴിച്ചു. 9 കോടിയോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിനത്തിലും ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: രാസവളങ്ങൾക്ക് സബ്‌സിഡി നൽകുന്നതു കുറയ്ക്കാൻ സാധ്യത: കേന്ദ്രം