ഇന്ന് ലോക ക്യാന്‍സര്‍ ദിനം. ക്യാന്‍സര്‍ ഇന്ന് പടര്‍ന്നു പിടിയ്ക്കുന്ന സാധാരണ രോഗങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന വിവിധ ക്യാന്‍സറുകളുമുണ്ട്. ഇവ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അപകടകാരിയാകുന്നു. ക്യാന്‍സറിന്റെ തുടര്‍ ചികിത്സകളില്‍ ഒന്നായ കീമോതെറാപ്പിയും പലരിലും പാര്‍ശ്വ ഫലങ്ങള്‍ നല്‍കുന്നവയാണ്. ഇതിനെല്ലാമുള്ള പരിഹാരങ്ങള്‍ വൈദ്യശാസ്ത്രം തേടി വരികയാണ്. നാടൻ ചക്ക കഴിച്ചാൽ കീമോയുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കാമെന്ന് കൊച്ചി റിനൈ മെഡിസിറ്റിയിലെ പഠനത്തിൽ കണ്ടെത്തിയിരിക്കുകയാണ് .കീമോതെറപ്പിക്കു വിധേയരാകുന്നവരിൽ 43% പേർക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാർശ്വഫലങ്ങൾ വരാറുണ്ട്. പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകിയപ്പോൾ ഈ പാർശ്വഫലങ്ങൾ വരുന്നില്ലെന്നാണു കണ്ടെത്തിയിട്ടുള്ളത്.50 കാൻസർ രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഡോ.തോമസ് വർഗീസിന്റെ മേൽനോട്ടത്തിൽ രോഗികൾക്ക് ചക്കപ്പൊടി ചേർത്ത വിഭവങ്ങൾ നൽകുകയും കീമോയുടെ പാർശ്വഫലങ്ങളിലെ വ്യത്യാസം നിരീക്ഷിക്കുകയുമായിരുന്നു.പച്ച ചക്കയിൽ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്.പച്ചച്ചക്കയിലെ പെക്ടിൻ എന്ന ഘടകമാണ് കീമോയുടെ പാർശ്വഫലം തടയുന്നത്. പല തരം ക്യാന്‍സറുകള്‍ക്കിത് പരിഹാരമാണ്. ഇതിലെ ഐസോഫ്‌ളേവനോയ്ഡുകള്‍, ലിഗ്നനുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയെല്ലാം ഗുണം നല്‍കുന്നവയാണ്.
നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലിനിക്കൽ ഗവേഷണത്തിലൂടെ പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്തോ കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു.ഇതെക്കുറിച്ചുള്ള ക്ലിനിക്കൽ പഠന പ്രബന്ധം റോമിലെ യൂറോപ്യൻ ന്യൂട്രീഷൻ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു..സാൻ ഡിയാഗോയിൽ അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച് സമ്മേളനത്തിലും കോവളത്ത് തുടങ്ങുന്ന ഇന്ത്യൻ അസോസിയേഷൻ ഫോർ കാൻസർ റിസർച് സമ്മേളനത്തിലും ഇത് അവതരിപ്പിക്കും. രാജ്യാന്തര മെഡിക്കൽ ജേണലായ ബയോ മോളിക്യൂൾസിൽ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഴങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന രാസപദാർഥമായ പെക്ടിന്റെ സമൃദ്ധ സ്രോതസ്സാണു ചക്ക. ദ്രവ മിശ്രിതം കുറുക്കു രൂപത്തിലാക്കി ജാം, ജെല്ലി തുടങ്ങിയവ തയാറാക്കാനാണു സാധാരണയായി പെക്ടിൻ ഉപയോഗിക്കുന്നത്.ചക്ക പച്ചയ്ക്കു കഴിയ്ക്കാം. ഇല്ലെങ്കില്‍ പൊടിയായി ലഭിയ്ക്കും. ഇത് ചപ്പാത്തി പോലുള്ളവയില്‍ ചേര്‍ത്തുണ്ടാക്കാം. രണ്ടു കപ്പ് ഗോതമ്പു പൊടിയ്ക്ക് ഒരു കപ്പ് ചക്കപ്പൊടി എന്ന അളവാണ് നല്ലത്. ദോശ, ഇഡ്ഢലി മാവിനൊപ്പവും ഇതുപയോഗിയ്ക്കാം.