തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ആരംഭിച്ച വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ, 'ജലനേത്ര'യിലൂടെയാണ് സംസ്ഥാനത്തെ ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപട നിർമ്മാണം തയാറാകുന്നത്.
കേരളത്തിലെ 590 കിലോമീറ്റർ കടൽത്തീരവും 12 നോട്ടിക്കൽ മൈൽ വരെയുള്ള ഉൾക്കടൽ, കേരളത്തിലെ നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, പാറക്കൂട്ടങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക ജലാശയങ്ങളുടെയും ഡിജിറ്റൽ ഭൂപടം ആണ് ജല നേത്രയിലൂടെ തയാറായിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്
സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജല നേത്ര വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിന് നേതൃത്വം നൽകിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്റ്റാർട്ടപ്പ് മിഷൻ വഴി ഒരു കോടി രൂപ ചിലവിൽ വികസിപ്പിച്ച പദ്ധതിയാണ് ജലനേത്ര.
ഈ പദ്ധതിയിലൂടെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ ഘടന, സസ്യ ജന്തുജാലങ്ങൾ, മണ്ണിന്റെ ഘടന, ആഴം, അടിയൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, ഓരോ കാലത്തും ഉണ്ടാകുന്ന തീരത്തിന്റെ മാറ്റങ്ങൾ, അപകടമേഖല, തിരയുടെ ശക്തി, തരംഗദൈർഘ്യം, മലിനീകരണം, തീരശോഷണം എന്നിവ സംബന്ധിച്ച വിവരങ്ങൾ, റിസർവോയറുകളിലും അണക്കെട്ടുകളിലും ഉണ്ടാകുന്ന മണ്ണടിയൽ, നാവിഗേഷന് ആവശ്യമായ സുരക്ഷാ പാതകൾ എന്നിവ മനസിലാക്കാൻ സാധിക്കും.
ഫിഷറീസ്, റവന്യൂ, ജലസേചനം, തുറമുഖം, കോസ്റ്റ് ഗാർഡ്, തീരദേശ പോലീസ്, നാവികസേന, വൈദ്യുതി ബോർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിനോദസഞ്ചാരം തുടങ്ങി 24 ഓളം വകുപ്പുകൾക്ക് ജലനേത്രയുടെ സേവനം പ്രയോജനപ്പെടുത്താനാകും.
മത്സ്യത്തൊഴിലാളികളുടെ യാനങ്ങളും ബോട്ടുകളും ട്രാക്ക് ചെയ്യാനും ദിശ കൃത്യമായി അടയാളപ്പെടുത്താനും, അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും ഇതിലൂടെ സാധിക്കും. ഡ്രഡ്ജിങ് ആവശ്യങ്ങൾക്കും ഹാർബർ എൻജിനീയറിങ് നിർമിതിക്ക് ആവശ്യമുള്ള എസ്റ്റിമേഷൻ, കോണ്ടൂർ മാപ്പിംഗ്, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കാനും ജലനേത്ര സഹായകമാകും.
വർഷത്തിൽ രണ്ട് പ്രാവശ്യം ഓരോ ചാർട്ടുകളും സർവേ നടത്തി അപ്‌ഡേറ്റ് ചെയ്താണ് ഏജൻസികൾക്ക് കൈമാറുക. മൊബൈൽ ആപ്പ് വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് 2-ഡിയായും 3-ഡി ആയും ജലാശയങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്നുണ്ട്.
എക്കോ സൗണ്ടർ, കറണ്ട് മീറ്റർ, സൈഡ് സ്‌കാൻ സോണാർ, ഡിഫറെൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, ഹൈപാക്ക് സോഫ്റ്റ്വെയർ, വെള്ളത്തിനടിയിൽ ഉപയോഗിക്കാൻ കഴിയുന്ന ക്യാമറകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ജല നേത്രയ്ക്ക് ആവശ്യമായ ദൃശ്യങ്ങൾ പകർത്തിയത്.
ഇതിന്റെ ഭാഗമായി ഹൈഡ്രോഗ്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം അഥവാ ഹിമിസ്സസ് വെബ് പോർട്ടലും തീരം മൊബൈൽ ആപ്ലിക്കേഷനും ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഇ-ഗവർണൻസ് പദ്ധതിക്കുള്ള അവാർഡിനും കേന്ദ്ര സർക്കാരിന്റെ ഐ.ടി ഗവർണൻസ് പദ്ധതിക്കുള്ള അവാർഡിനും ജലനേത്രയെ പരിഗണിച്ചിട്ടുണ്ട്.