പാലക്കാട്: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് മുഖേന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതിയില്‍ പൊതുകുളങ്ങളിലേക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. 2023-24 വര്‍ഷത്തേക്കുള്ള വിതരണമാണ് നടന്നത്.
രോഹു ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ ഗ്രാമപഞ്ചായത്തിലെ 13 പൊതു കുളങ്ങളിലേക്കാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തംഗങ്ങള്‍ ജനകീയ മത്സ്യകൃഷിക്ക് മേല്‍നോട്ടം വഹിക്കും. 10 മുതല്‍ 12 മാസത്തില്‍ (ഏപ്രില്‍-മെയ് മാസങ്ങളില്‍) വിളവെടുപ്പ് നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: രോഹു മൽസ്യം കുളങ്ങളില്‍ വളര്‍ത്തി മികച്ച വരുമാനം നേടാം
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി മത്സ്യകുഞ്ഞ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. മുരളി അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത, പ്രശോഭ്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ആദിത്യ സുധന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ എം. നിധിമോന്‍, കെ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.