ഈ സാമ്പത്തികവര്‍ഷം (2021- 22) അവസാനിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ പൂര്‍ത്തീകരിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇതില്‍ ആദായനികുതിയും നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. ഇത്തരം ചില കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ച ആദായനികുതി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് നിക്ഷേപങ്ങളില്‍ ചിലത് നിഷ്‌ക്രിയമാകാനും വഴിവയ്ക്കും. അങ്ങിനെയുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
* പി.പി.എഫ് (PPF), എന്‍.പി.എസ് (NPS), സുകന്യ സമൃദ്ധി അക്കൗണ്ട് (SSY) പോലുള്ള ചില നിക്ഷേപങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതിന് ഓരോ സാമ്പത്തിക വര്‍ഷത്തിലും അക്കൗണ്ടില്‍ മിനിമം തുക നിക്ഷേപിക്കേണ്ടതുണ്ട്. പി.പി.എഫ്, എന്‍.പി.എസ്, എസ്.എസ്.വൈ. എന്നിവയില്‍ മിനിമം തുക നിക്ഷേപിക്കുന്നതില്‍ പരാജയപ്പെടുന്നത് അക്കൗണ്ടുകളെ നിഷ്‌ക്രിയമാക്കും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് ഒരാള്‍ അത് ക്രമപ്പെടുത്തുകയോ അണ്‍ഫ്രീസ് ചെയ്യുകയോ ചെയ്യേണ്ടിവരും. വീണ്ടും സജീവമാക്കുന്ന പ്രക്രിയ സമയമെടുക്കും കൂടാതെ പിഴയും ഈടാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഏറ്റവും കുറഞ്ഞ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പൺ ചെയ്താൽ ഗുണങ്ങളേറെ?
* ഒരു സാമ്പത്തിക വര്‍ഷത്തില്‍ പി.പി.എഫ്. അക്കൗണ്ടിനുള്ള ഏറ്റവും കുറഞ്ഞ വാര്‍ഷിക സംഭാവന 500 രൂപയാണ്. ഇതടയ്ക്കാന്‍ കഴിയാതെ വന്നാല്‍ അക്കൗണ്ട് നിര്‍ജീവമാകും. മുമ്പ് അടച്ച തുക പിന്‍വലിക്കാന്‍ സാധിക്കില്ല. നിക്ഷേപത്തിന്‍മേല്‍ വായ്പയും ലഭിക്കില്ല. എന്‍.പി.എസ്. അക്കൗണ്ട് ഉടമകള്‍ കുറഞ്ഞത് 1000 രൂപ സംഭാവന നല്‍കേണ്ടതുണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിന് ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
* ഭവന വായ്പയ്ക്ക് അടച്ച പലിശയിൽ മേല്‍ 1.5 ലക്ഷം അധിക കിഴിവ് (ആദായനികുതി നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള) ലഭിക്കുന്നതിനായി ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 ഇ.ഇ.എ. പ്രകാരം 2022 മാര്‍ച്ച് 31 വരെ സാധിക്കും. എന്നാല്‍ ഇതിന് ഉപയോക്താവ് സെക്ഷന്‍ 80 ഇ.ഇ.എ. പ്രകാരമുള്ള ഭവനവായ്പയ്ക്കു യോഗ്യനായിരിക്കണം. യോഗ്യരായവര്‍ സ്‌കീം അവസാനിക്കുന്നതിന് മുമ്പ് പദ്ധതി പ്രയോജനപ്പെടുത്തിയെന്ന് ഉറപ്പാക്കുക.
SBI ഭവന വായ്പയ്ക്ക് ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍
* നികുതി ആസൂത്രണം ഇതുവരെ പൂര്‍ത്തിയാക്കാത്തവര്‍, 1.5 ലക്ഷം രൂപയുടെ സെക്ഷന്‍ 80 സി പരിധിയിലെത്താത്തവര്‍, മറ്റേതെങ്കിലും നികുതി ആനുകൂല്യം ഇതുവരെ ലഭിക്കാത്തവര്‍, മാര്‍ച്ച് 31 തീയതിയുടെ കാര്യം മറക്കരുത്. പ്രത്യേകിച്ച് പഴയ നികുതി വ്യവസ്ഥയില്‍ തന്നെ തുടരുന്നവര്‍.
*പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍, ആദായനികുതി നിയമത്തിന്റെ ചാപ്റ്റര്‍ VI എ പ്രകാരം നിങ്ങള്‍ക്ക് ആദായ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പി.പി.എഫ്, ലൈഫ് ഇന്‍ഷുറന്‍സ്, ഇ.എല്‍.എസ്.എസ്. മുതല്‍ എന്‍.എസ്.സി. വരെ, ടാക്‌സ് സേവിങ് ബാങ്ക് ഡെപ്പോസിറ്റ് തുടങ്ങി നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്കു മുന്നിലുണ്ട്.
* സെക്ഷന്‍ 80സി പരിധി തീര്‍ന്നെങ്കില്‍ പോലും നിങ്ങള്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി നികുതി ലാഭിക്കാം. രക്ഷിതാക്കളുടെ പേരില്‍ നിങ്ങള്‍ അടയ്ക്കുള്ള പ്രീമിയത്തിനു പോലും കിഴിവിന് യോഗ്യതയുണ്ട്. 60 വയസിന് താഴെയുള്ളവര്‍ക്ക് ഈ പരിധി 25,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയുമാണ്. ഈ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക സെക്ഷന്‍ 80ഡി പ്രകാരം മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കും.
* പ്രതിമാസ വരുമാനത്തിനായി ഫണ്ടുകള്‍ തെരയുന്നവര്‍ക്ക്, നിലവിലെ ഉയര്‍ന്ന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനു മുമ്പ് പ്രധാന്‍മന്ത്രി വയ വന്ദന യോജനയില്‍ നിക്ഷേപിക്കാവുന്നതാണ്. നിലവില്‍ പദ്ധതി എല്‍.ഐ.സി. വഴിയാണ് ഉപയോക്താക്കളിലെത്തുന്നത്. 2021- 22 സാമ്പത്തിക വര്‍ഷത്തേക്ക്, പ്രധാനമന്ത്രി വയ വന്ദന യോജന സ്‌കീം പ്രതിമാസം 7.40% പലിശ ഉറപ്പു നല്‍കുന്നു. 2022 മാര്‍ച്ച് 31 വരെ വാങ്ങുന്ന എല്ലാ പോളിസികള്‍ക്കും 10 വര്‍ഷത്തെ മുഴുവന്‍ പോളിസി കാലാവധിയിലും ഈ നിരക്ക് ഉറപ്പായും ലഭിക്കും.