കായംകുളം: കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്പിന്നിങ് മില്ലിന് ഇത് നേട്ടത്തിന്റെ വർഷം. 25200 സ്പിന്റിലുകളുടെ സ്ഥാപിത ശേഷി കൈവരിച്ചതോടെ വ്യാവസായിക രംഗത്ത് വൻ മുന്നേറ്റമാണ് മിൽ കാഴ്ചവയ്ക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള പരുത്തി നൂലിന് ആഭ്യന്തര വിദേശ വിപണികളിൽ പ്രിയമേറുകയാണ്. 1996 ലെ ഇ കെ നായനാർ സർക്കാരാണ് കരീലക്കുളങ്ങര മില്ലിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപാദാനം തുടങ്ങിയത്.വി എസ് സർക്കാർ സ്ഥാപിത ശേഷി 12096 സ്‌പിന്റിലുകളായി വർധിപ്പിച്ചു. നിലവിൽ 33. 94 കോടിയുടെ നവീകരണ പദ്ധതിയാണ് ലക്ഷ്യത്തിലെത്തിയത്. അത്യാധുനിക ഓട്ടോമാറ്റിക് യന്ത്രങ്ങൾ കൂടി സ്ഥാപിച്ചതോടെ ഉത്പാദന തോതും ഗണ്യമായി ഉയർന്നു. 100 ശതമാനം പരുത്തി നൂലാണ് ഉത്പാദിപ്പിക്കുന്നത്. 40 കൗണ്ടുമുതൽ 120 കൗണ്ടുവരെയുള്ള നൂൽ ഉത്പാദിപ്പിക്കാനുള്ള ശേഷി മില്ലിനുണ്ട്. കൂടാതെ കാർഡഡ് , കോമ്പ്ഡ് എന്നീ വ്യത്യസ്ത നൂലുകളും ഉത്പാദിപ്പിക്കുന്നു. കേരളത്തിലെ പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളിൽ ആദ്യമായി ഐ എസ് ഓ അംഗീകാരം ലഭിച്ചതും ഈ സ്ഥാപനത്തിനാണ്.
250 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന മില്ലിൽ മൂന്നു വർഷമായി ജൈവ പച്ചക്കറി കൃഷിയും നടത്തുന്നു. കൂടാതെ ഇപ്പോൾ മൽസ്യകൃഷിയും പച്ചക്കറിതൈകളുടെ ഉത്പാദനവും വിതരണവും നടത്തുന്നു. മില്ലിലെ ക്യാന്റീനിലേക്കു പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കുന്ന രണ്ടു വർഷമായി ഉപയോഗിക്കുന്നത്. കൂടാതെ പച്ചക്കറി വിപണനത്തിന് ഔട്ലെറ്റുമുണ്ട്. കൃഷിവകുപ്പിന്റെയും പത്തിയൂർ കൃഷി ഭവന്റെയും സഹകരണത്തോടെയാണ് 'ഇക്കോസ്‌പിൻ കൂട്ടായ്മ'യുടെ പേരിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. സംസ്ഥാനസർക്കാർ ജൈവ പച്ചക്കറി കൃഷിക്ക് ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്ഥാപനത്തിനാണ് ലഭിച്ചത്.മറ്റു മില്ലുകൾ നെയ്ത്തിലും മറ്റും പ്രശ്ങ്ങളിൽ പെട്ട് കിടക്കുമ്പോഴും നൂൽ ഉത്പാദനത്തിലും അതുപോലെ ജൈവ പച്ചക്കറി കൃഷിയിലും മേൽക്കൈ നേടാനായത് തൊഴിലാളികളുടെ കൂട്ടായ പരിശ്രമം കൊണ്ടാണെന്നു ചെയർമാൻ എംഎ അലിയാർ, ജനറൽ മാനേജർ പി എസ് ശ്രീകുമാർ എന്നിവർ പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :'വിന്നിങ് ലീപ് 2020' പാവുമ്പയിലെ ഊടും പാവും പദ്ധതി.