സംസ്ഥാനത്തെ ഏറ്റവും മികച്ച പട്ടികജാതി/ പട്ടിക വര്‍ഗ്ഗ കര്‍ഷകനുളള കര്‍ഷകജ്യോതി പുരസ്‌ക്കാരം പത്തനംതിട്ട ഏനാത്ത് മണലിക്കല എം.മാധവന്‍ നേടി. എഴുപതാം വയസിലും കഠിനാധ്വാനം ചെയ്യുന്ന മാധവന്‍ ഒരു ലക്ഷം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങിയ പുരസ്‌ക്കാരം സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.
സ്വന്തമായുളള മൂന്നേക്കറും പാട്ടത്തിനെടുത്ത രണ്ടേക്കറും ഉള്‍പ്പെട്ട അഞ്ചേക്കറോളം പ്രദേശത്ത് വാഴ,പച്ചക്കറികള്‍,നെല്ല്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ ശാസ്ത്രീയമായി കൃഷിചെയ്യുകയാണ് മാധവന്‍. രണ്ടേക്കറില്‍ പാവല്‍,പടവലം, വെണ്ട,ചീര,പയര്‍,വഴുതനം തുടങ്ങിയ പച്ചക്കറികളും ഒന്നര ഏക്കറില്‍ നെല്ലും ഒന്നര ഏക്കറില്‍ കപ്പ,ചേന,കാച്ചില്‍,ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളുമാണ് കൃഷി ചെയ്യുന്നത്. ജ്യേഷ്ഠന്‍ ഗോപാലനാണ് മാധവനെ കൃഷിയിലേക്ക് കൊണ്ടുവന്നത്.കുടുംബസ്വത്തായി കിട്ടിയ ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. വിവിധയിനം പശുക്കളെ വളര്‍ത്തുന്ന മാധവന്‍ ജില്ലയില്‍ കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകനുളള പുരസ്‌ക്കാരവും നേടിയിട്ടുണ്ട. മാധവന്റെ സമ്മിശ്ര കൃഷിയില്‍ കോഴിയും ആടും ഉള്‍പ്പെടുന്നുണ്ട്. നെല്ല് കൊയ്‌തെടുത്ത് മെതിച്ച് വീട്ടില്‍തന്നെ പുഴുങ്ങി സ്വന്തമായുള്ള മില്ലില്‍ കുത്തി നാടനരിയാക്കിയാണ് വില്‍പ്പന നടത്തുന്നത്. എങ്കിലേ നെല്‍കൃഷി ലാഭമാകൂ എന്ന് മാധവന്‍ പറയുന്നു. മാധവന്റെ ജൈവമഞ്ഞള്‍ കൃഷിയും എടുത്തുപറയേണ്ടതാണ്.