ഇലക്ട്രോണിക് വസ്തുക്കളുടെ ഉൽപാദനത്തിൽ കണ്ണൂർ ജില്ലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കല്യാശ്ശേരി ധർമശാലയിൽ കെൽട്രോൺ കോംപണൻ്റ് കോംപ്ലക്സ് ലിമിറ്റഡിൻ്റെ (കെസിസിഎൽ) എംപിപി റെക്ടാംഗുലർ കപ്പാസിറ്റർ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പാസീവ് കോംപണൻ്റുകളാണ് കെസിസിഎൽ ഉൽപ്പാദിപ്പിക്കുന്നത്. ആക്ടീവ് കോംപണൻ്റുകൾ കൂടി ഉൽപ്പാദിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബായി കമ്പനിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
2023 ഏപ്രിൽ മാസത്തോടെ കെ.സി.സി.എൽ ഉൽപ്പാദിപ്പിക്കുന്ന സൂപ്പർ കപ്പാസിറ്ററുകളുടെ നിർമാണം പൂർത്തീകരിക്കും. ആയിരം കോടി രൂപ ടേൺ ഓവറുള്ള സ്ഥാപനമാക്കി കെൽട്രോണിനെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ 120 പേരെ കെൽട്രോണിൽ റിക്രൂട്ട് ചെയ്തു കഴിഞ്ഞു. 2013 മുതൽ കെൽട്രോണിൽ ഉള്ള 60 ഓളം ഒഴിവുകൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കും.
കേരളത്തിൻ്റെ അഭിമാനമായ കെൽട്രോൺ അടുത്ത വർഷം സുവർണ ജൂബിലിയിലേക്ക് കടക്കുകയാണ്. ചരിത്രമോർക്കുന്ന കുതിപ്പിൻ്റെ വർഷമായി ഇതിനെ മാറ്റുമെന്നും ഓരോ മാസവും ഓരോ പുതിയ ഉൽപ്പന്നം നിർമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സിലിണ്ട്രിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളിൽ നിന്നും മാറി ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെ.സി.സി.എൽ പുതുതായി നിർമിച്ച മോട്ടോർ റൺ റെക്ടാംഗുലാർ കപ്പാസിറ്ററുകൾ ഇന്ന് പുറത്തിറക്കി.
ചതുരാകൃതിയിലുള്ള ഇത്തരം ചെറിയ കപ്പാസിറ്ററുകളുടെ നിർമാണത്തിനായി രണ്ട് കോടി രൂപ ചെലവിലാണ് ഉൽപ്പാദന കേന്ദ്രം നിർമിച്ചത്. 11 മെഷീനുകൾ പുതുതായി സ്ഥാപിച്ചു. 1 കോടി രൂപ ചെലവിൽ വിപുലീകരിച്ച ഇലക്ട്രോ ലൈറ്റിക് കപ്പാസിറ്റർ കേന്ദ്രവും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച വെയർഹൗസും ഉദ്ഘാടനം ചെയ്തു. 4,220 ചതുരശ്ര അടി വിസ്തൃതിയിലാണ് വെയർഹൗസ് കെട്ടിടം നിർമിച്ചത്.
1 വർഷത്തെ അന്തർസംസ്ഥാന അന്വേഷണ ഫലമായി കെൽട്രോണിൻ്റെ വ്യാജ കപ്പാസിറ്ററുകൾ നിർമിക്കുന്ന ഡൽഹിയിലെ ഫാക്ടറി കണ്ടുപിടിച്ച് പൂട്ടിച്ച കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ. അനിൽകുമാർ, പി. രമേശൻ (ജി എസ് ഐ), എൻ. മനേഷ് (ജി എ എസ് ഐ), കെ.കെ സജേഷ് (ജി എസ് സി പി ഒ) എന്നിവരടങ്ങുന്ന പൊലീസ് സംഘത്തെ ചടങ്ങിൽ ആദരിച്ചു.
ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് കെൽട്രോൺ. എംപിപി കപ്പാസിറ്ററുകൾ, കെവിഎആർ കപ്പാസിറ്ററുകൾ, റസിസ്റ്ററുകൾ, ക്രിസ്റ്റലുകൾ എന്നിവയാണ് ഇപ്പോൾ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. 2017-18 വർഷം മുതൽ മികച്ച ലാഭത്തിലാണ് കെസിസിഎൽ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക്സ് കോംപണൻ്റുകളുടെ ഉൽപ്പാദനത്തിൽ 80 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ഒന്നാംനിര കമ്പനികളിൽ ഒന്നാണ് കെസിസിഎൽ. (ഫേസ്ബുക്ക് പോസ്റ്റ്: മന്ത്രി പി. രാജീവ്)