എറണാകുളം: കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഉൽപാദനം ആരംഭിച്ച കേരഗ്രാം ഓയിൽ വിപണിയിൽ ലഭ്യമായി തുടങ്ങി. കരുമാല്ലൂർ സെറ്റിൽമെന്റിന് സമീപം പണികഴിപ്പിച്ച പുതിയ മില്ലിലാണ് കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണയാക്കി വിപണിയിൽ എത്തിക്കുന്നത്. മില്ലിൽ വില്പനക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കരുമാലൂർ പഞ്ചായത്തിന്റെയും കേരഗ്രാം സൊസൈറ്റിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മെഷീനുകൾ മുഴുവൻ സബ്സിഡിയോടെയാണ് കൃഷിഭവൻ വാങ്ങി നൽകിയത്. ഓയിൽ എക്സ്ട്രാക്ഷൻ യൂണിറ്റ്, ഓയിൽ ഡ്രൈയർ എന്നിവ നേരിട്ട് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ എ ഐ സി) എത്തിച്ചു നൽകുകയായിരുന്നു.
ഒരു ദിവസം 25 മുതൽ 30 ലിറ്റർ വെളിച്ചെണ്ണ വരെ മില്ലിൽ ഉല്പാദിപ്പിക്കാൻ കഴിയും. ഒരു കിലോഗ്രാം വെളിച്ചെണ്ണക്ക് 220 രൂപയാണ് ഈടാക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് കേരസമിതി ലക്ഷ്യമിടുന്നത്.
നാളികേര ഉല്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം.
മൂന്നുവർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ അവസാന വർഷ പ്രവർത്തനങ്ങളാണ് കരുമാലൂരിൽ പുരോഗമിക്കുന്നത്. കളമശ്ശേരി നിയോജക മണ്ഡലത്തിലെ ആലങ്ങാട്, കടുങ്ങല്ലൂർ എന്നിവിടങ്ങളിലും കേരഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.