Updated on: 19 January, 2023 3:42 PM IST

1. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ അടുത്ത ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന 11 കോടി കർഷകർക്ക് സന്തോഷവാർത്ത. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു, മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 2023 ജനുവരി 23-ന് റിലീസ് ചെയ്യും. എന്നാൽ, പണം കൈമാറുന്ന തീയതി സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

2. രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും, കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി 6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ 'കുട്ടികളുടെ പോഷകാഹാര സംരക്ഷണം - വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

3. ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കർഷക ഗ്രൂപ്പുകളെ കൃഷികൂട്ടങ്ങളായി എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നു. 5 സെന്റ് സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കർഷക ഗ്രൂപ്പുകൾക്ക് രജിസ്റ്റർ ചെയ്യാം. പച്ചക്കറി, നെല്ല്, വാഴ, തെങ്ങ്, കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്ന കർഷക ഗ്രൂപ്പുകൾക്കും, മൂല്ല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾക്കും കൃഷികൂട്ടങ്ങളായി രജിസ്റ്റർ ചെയ്യാവുന്നതാണ്. എയിംസ് പോർട്ടലിൽ കൃഷികൂട്ടങ്ങളായി രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള കർഷകഗ്രൂപ്പുകൾ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങൾ ജനുവരി 25 ന് മുമ്പായി അടുത്തുള്ള കൃഷിഭവനുകളിൽ ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

4. പുറമറ്റം കൃഷിഭവന്റെ കീഴിലുള്ള മാവനാല്‍ പാടശേഖരത്തിൽ കര്‍ഷകര്‍ക്ക് മുന്നില്‍ നെല്‍കൃഷിക്ക് വേണ്ട പോഷക മിശ്രിതമായ 'സമ്പൂര്‍ണ' ഡ്രോണ്‍ ഉപയോഗിച്ച് തളിക്കുന്നതിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
S. M. A. M പദ്ധതിയുടെ ഡ്രോണുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുമെന്നും, വരാന്‍ പോകുന്ന വൈഗയില്‍ ഡ്രോണുകള്‍ ഒരു മുഖ്യ ഘടകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ കര്‍ഷകര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

5. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇനി രാത്രി സമയങ്ങളിലടക്കം വീട്ടുമുറ്റത്ത് മൃഗഡോക്ടറുടെ സേവനം ലഭിക്കും, ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ അനുവദിച്ച വാഹനങ്ങള്‍ ഒരാഴ്ചയ്ക്കകം എത്തുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും ക്ഷീര വികസന വകുപ്പാണ് വഹിക്കുന്നത് എന്നു മന്ത്രി കൂട്ടിച്ചേർത്തു.

6. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കണ്ണൂർ ജില്ലയിലെ സിറ്റിംഗ് ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് ഇന്ന് തുടങ്ങും. 3 ദിവസമായി നീണ്ടു നിൽക്കുന്ന പരിപാടിയിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ. അബ്രഹാം മാത്യൂവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ ഒമ്പതു മുതൽ സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിന് അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യസമയത്തു ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.

7. I. S. O. സർട്ടിഫിക്കേഷന്റെ ഭാഗമായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കോട്ടയം ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഓഫീസുകൾ പൂർണ്ണമായി ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായാണ് ഗുണമേന്മാ സംവിധാനം കൊണ്ടുവന്നത്. കില അഡീഷണൽ ഡയറക്ടർ മാത്യൂ ആൻഡ്രൂസ്, കോർഡിനേറ്റർമാരായ ഡോ. അനൂപ നാരായണൻ, ഈശ്വരൻ നമ്പൂതിരി, എ. എം. റാഷിദ്, എസ്. കെ. സുമൈന എന്നിവർ ക്ലാസെടുത്തു.

8. സുഗന്ധവ്യഞ്ജന കാർഷിക വ്യവസായ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന രാജ്യാന്തര സ്‌പൈസസ് സമ്മേളനം നാളെ മുതൽ 22 വരെ ITC ഗ്രാൻഡ് ചോളയിൽ നടക്കും. രാജ്യത്തെ 80 ശതമാനത്തിലധികം സുഗന്ധവ്യഞ്ജന കയറ്റുമതിയ്ക്കും നേതൃത്വം നൽകുന്ന All India Spices Exporters Foram ആണ് സമ്മേളനത്തിന്റെ സംഘടകർ.

9. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്തു 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ജനുവരി 21നു കലൂരിൽ മഹാ സംരംഭക സംഗമം സംഘടിപ്പിക്കുന്നു. സംരംഭക സംഗമത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

10. ആലപ്പുഴ ജില്ലയിൽ അനധികൃതമായി സൂക്ഷിച്ച 72 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടി. 44 ചാക്ക് പച്ചരി, ഒരു ചാക്ക് പുഴുക്കലരി, 26 ചാക്ക് കുത്തരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ മുട്ടത്തുപറമ്പ് റോഡിന് സമീപം അടച്ചിട്ട വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്. അനധികൃതമായി സൂക്ഷിക്കുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടുന്നതിനായി ജില്ല കളക്ടറുടെ നിർദേശപ്രകാരം ജില്ലയിൽ പ്രവർത്തനമാരംഭിച്ച സ്ക്വാഡിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് വീടിനുള്ളിൽ കയറി ഇവ പിടിച്ചെടുത്തത്. വിവരമറിഞ്ഞ് ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജയും സ്ഥലത്ത് എത്തിയിരുന്നു.

11. ഡൽഹിയിൽ ഗോതമ്പിന്റെ വില കിലോയ്ക്ക് 30 രൂപ കടന്നു. വിപണിയിൽ ഗോതമ്പ് വില ക്വിന്റലിന് 3070 രൂപ എന്ന റെക്കോർഡ് ഉയർന്ന നിരക്കിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ 5.9% വർധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച ക്വിന്റലിന് 2900 രൂപയായിരുന്ന വില വെള്ളിയാഴ്ച 3070 രൂപയായി ഉയർന്നു. മില്ലർമാരിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചതാണ് പെട്ടെന്നുള്ള വിലവർദ്ധനവിനു കാരണമെന്ന് പ്രോസസ്സർമാർ പറഞ്ഞു.

12. മഹാരാഷ്ട്രയിൽ പ്രതിദിനം ഒരു കോടി മുട്ടയുടെ ക്ഷാമം നേരിടുന്നുണ്ടെന്നും, സംസ്ഥാനത്തെ ഉത്പാദനം വർധിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ കമ്മീഷണർ പറഞ്ഞു. മഹാരാഷ്ട്രയിൽ പ്രതിദിനം 2.25 കോടി മുട്ടകൾ ഉപയോഗിക്കുന്നു. പ്രതിദിനം 1 മുതൽ 1.25 കോടി വരെ മുട്ടകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടെന്നും ആവശ്യം നിറവേറ്റുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

13. ഒക്ടോബർ മുതൽ ജനുവരി മാസകാലയളവിൽ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 4% വർധിച്ച് 15.7 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ നിലവിലെ സീസൺ ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം ഏകദേശം 4 ശതമാനം വർധിച്ചു. രാജ്യത്ത് കൂടുതൽ മില്ലുകളുടെ പ്രവർത്തനം വർദ്ധിച്ചതാണ് ഇതിന് കാരണമെന്ന് പഞ്ചസാര വ്യവസായ വ്യാപാര സംഘടന വെളിപ്പെടുത്തി.

14. ദേശീയ ക്ഷീര വികസന ബോർഡ് (NDDB), അമുൽ, NAFED എന്നിവ ജൈവ ഭക്ഷ്യ ഉൽപന്നങ്ങൾക്കായി പുതുതായി പ്രഖ്യാപിച്ച ദേശീയതല സഹകരണ സംഘത്തിന്റെ അഞ്ച് പ്രൊമോട്ടർമാരിൽ ഉൾപ്പെടും. ഇത് ഉത്പാദനം, സർട്ടിഫിക്കേഷൻ, വിപണന സംവിധാനം എന്നിവ മെച്ചപ്പെടുത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: സൗജന്യ പ്രതിരോധ കുത്തിവെയ്പ്: സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു; കൂടുതൽ കൃഷി വാർത്തകൾ

English Summary: Kerala agriculture minister inaugurated Drones for the paddy
Published on: 18 January 2023, 05:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now