കുടുംബശ്രീയുടെ കോഴിയിറച്ചി ബ്രാന്‍ഡായ ‘കേരള ചിക്കന്‍’ അടുത്ത മൂന്നു മാസത്തിനുള്ളില്‍ വിപണിയിലിറങ്ങും. നിലവില്‍ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന കോഴികൾ ‘മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ’ അടക്കമുള്ള ഏജന്‍സികള്‍ വഴിയാണ് വിറ്റഴിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷംതന്നെ കുടുംബശ്രീയുടെ സ്വന്തം ഔട്ട്‌ലെറ്റുകള്‍ വഴി ‘കേരള ചിക്കൻ’ വിപണനം ചെയ്യാൻ തുടങ്ങുമെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
100 ദിവസം കൊണ്ട് 100 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ആദ്യ ഔട്ട്‌ലെറ്റ് എവിടെ വരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.എറണാകുളത്തോ കോഴിക്കോട്ടോ തുടങ്ങാനാണ് സാധ്യത.കേരളത്തില്‍ ഏതാണ്ട് 8,000 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള മേഖലയാണ് ഇറച്ചിക്കോഴി വ്യാപാരം. അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനം വിപണി വിഹിതം കൈവരിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍’ എന്ന കമ്പനി ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കര്‍ഷകന് ഒരു കിലോ കോഴിക്ക് 13 രൂപ ലാഭം കിട്ടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്..പദ്ധതി നിലവില്‍ വന്നാല്‍ കോഴിക്കുഞ്ഞ് ഉത്പാദനം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ കുടുംബശ്രീ സ്വയംപര്യാപ്തമാവും. ഇറച്ചിയുടെ തൂക്കം കൂട്ടാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കാതെ ആളുകള്‍ക്ക് വിശ്വസിച്ച് കഴിക്കാന്‍ സാധിക്കുന്ന കോഴിയിറച്ചി വിപണിയില്‍ ഇറക്കുകയാണ് ലക്ഷ്യം. ഇറച്ചിക്കോഴി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിര്‍മാണം അടുത്ത മാസത്തോടെ തിരുവനന്തപുരത്ത് പൂര്‍ത്തിയാവും.