1. ഗ്യാസിന് സബ്സിഡി നൽകിയിട്ടും റീഫില്ലുകൾ കുറയുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലെ 9.34 കോടി ഉപഭോക്താക്കളിൽ പ്രതിവർഷം നാല് സിലിണ്ടറുകളിലേറെ റീഫിൽ ചെയ്തത് 1.81 കോടി ആളുകൾ മാത്രമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഉജ്വല പദ്ധതിയുടെ 3,27,236 ഗുണഭോക്താക്കളിൽ 1,55,512 പേരാണ് റീഫിൽ നടത്തിയത്. രാജ്യത്തെ 2.11 കോടി ഉപഭോക്താക്കൾ റീഫിൽ സിലിണ്ടർ ഇതുവരെ വാങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2016ലാണ് പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി ആരംഭിച്ചത്. അതിന്ശേഷം 31.47 കോടി റീഫിൽ സിലിണ്ടറുകൾ മാത്രമാണ് ഉപഭോക്താക്കൾ വാങ്ങിയത്.
ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ ഹോർട്ടിസ്റ്റോർ
2. കേരളത്തിൽ ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ സൗജന്യ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നു. തിരഞ്ഞെടുത്ത 500 വീടുകളിലാണ് അനർട്ട് വഴി പ്ലാന്റുകൾ സ്ഥാപിക്കുന്നത്. 137 വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനായി അനർട്ടിന് കീഴിലുള്ള ഡവലപ്പർമാരെ നിയോഗിച്ചു. ഇതിൽ 78 വീടുകളിൽ പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. രണ്ടു കിലോ വാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ 1,35,000 രൂപയാണ് ചെലവ്. ഇതിൽ 39,275 രൂപ കേന്ദ്ര സർക്കാർ വിഹിതവും 95,725 രൂപ സംസഥാന സർക്കാർ വിഹിതവുമാണ്. പ്ലാന്റുകൾ സ്ഥാപിക്കുക വഴി ലഭിക്കുന്ന വൈദ്യുതിയിൽ ഗുണഭോക്താവിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നത് ഇലക്ട്രിസിറ്റി ബോർഡിന് നൽകും. ഇതുവഴി ഗുണഭോക്താവിന് അധിക വരുമാനവും ലഭിക്കും.
3. വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി ഓണം കോംബോ ബോക്സ് അവതരിപ്പിച്ച് കേരള സർക്കാർ. ഹാന്റക്സ്, ഹാൻവീവ്, കയർ ഫെഡ്, കയർ കോർപ്പറേഷൻ, കാപ്പക്സ്, കാഷ്യൂ ഡവലപ്മെന്റ് കോർപ്പറേഷൻ, ഹാൻഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളാണ് കോംബോ ബോക്സിൽ അടങ്ങിയിട്ടുള്ളത്. കയർ മാറ്റുകൾ, കൈത്തറി തുണിത്തരങ്ങൾ, കശുവണ്ടി ഉൽപന്നങ്ങൾ തുടങ്ങി മികച്ച ഗുണനിലവാരമുള്ള ഗിഫ്റ്റ് ബോക്സുകൾ 25% വിലക്കിഴിവിൽ ലഭിക്കും. 2500 രൂപയുടേയും 1500 രൂപയുടേയും ബോക്സുകൾ ലഭ്യമാണ്.
4. വയനാട്ടിലെ എൻ ഊരിൽ ഹരിത രശ്മി ഓണച്ചന്ത സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5, 6 തീയ്യതികളിലാണ് ഓണച്ചന്ത നടക്കുക. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഹരിത രശ്മി പദ്ധതിയില്‍ ഉള്‍പ്പെട്ട മൂവായിരത്തോളം, ഗോത്രവര്‍ഗ്ഗ കര്‍ഷകരുടെ കാര്‍ഷിക ഉല്‍പന്നങ്ങളും, മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ഓണ ചന്തയില്‍ പ്രദർശിപ്പിക്കും. ഇഞ്ചി, ചേന, കപ്പ, പപ്പായ, കുരുമുളക്, നാരങ്ങ, നാടന്‍തേന്‍, ജാം, സ്വകാഷ് തുടങ്ങിയവ ഓണച്ചന്തയില്‍ ലഭ്യമാകും.
5. ആലപ്പുഴ കൈനകരിയിലെ പാടശേഖരത്തിൽ നടത്തിയ ഡ്രോണ്‍ പരീക്ഷണം വിജയം. വളപ്രയോഗത്തിനും കീടനിയന്ത്രണത്തിനുമാണ് കാടുകയ്യാൽ പാടശേഖരത്തിൽ ഡ്രോൺ പരീക്ഷണം നടത്തിയത്. ഡ്രോൺ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിർവഹിച്ചു. കാര്‍ഷിക മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ബോധവൽകരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വളപ്രയോഗം, കളനിയന്ത്രണം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വേ എന്നീ മേഖലകളില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം.
6. കോട്ടയം കല്ലറയിലെ കേരകർഷകർക്ക് ഉണർവേകി കേരഗ്രാമം പദ്ധതി. 50.17 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിലെ 1600 കർഷകരെ ഉൾപ്പെടുത്തി 250 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30,000 തെങ്ങുകളിൽ കൂമ്പുചീയൽ, ഓലചീയൽ രോഗങ്ങൾക്കും കൊമ്പൻ ചെല്ലി, ചെമ്പൻചെല്ലി തുടങ്ങിയ കീടങ്ങൾക്കും എതിരെ ശാസ്ത്രീയമായ മരുന്ന് പ്രയോഗവും ജൈവ കീടനാശിനികൾ, ജീവാണുവളങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
അത്യുൽപാദനശേഷിയുള്ള നാടൻ, ഹൈബ്രീഡ് കുള്ളൻ തൈകൾ, തെങ്ങുകയറ്റയന്ത്രങ്ങൾ, ചവിട്ടുപമ്പുകൾ എന്നിവ കർഷകർക്ക് വിതരണം ചെയ്തു. വീട്ടിലെയും പറമ്പുകളിലെയും ജലസേചനത്തിനായി മോട്ടോർ പമ്പ് സെറ്റുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കി. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ടാംവർഷ തെങ്ങ് പരിപാലനത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്.
7. പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് കുടുംബങ്ങളില്‍ വീക്ഷണം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. പോഷണ്‍ അഭിയാന്‍ പോഷണ്‍ മാ 2022 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കൃത്യനിര്‍വഹണത്തേക്കാളുപരി സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഇടപെടലുകളാണ് പോഷണ രംഗത്ത് വേണ്ടതെന്നും ഇതുസംബന്ധിച്ചുള്ള, ശരിയായ അവബോധം കുടുംബങ്ങളില്‍ കൊണ്ടുവരാന്‍ സാധിക്കണമെന്നും, ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
8. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്നും കാർഷിക വിത്തുകളും തെങ്ങിൻ തൈകളും വിൽക്കുന്നു. വിവിധയിനം പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, ടിഷ്യൂകൾച്ചർ വാഴ തൈകൾ, കുരുമുളക് വള്ളികൾ, കറിവേപ്പില, നാരകം എന്നിവ ഒരു യൂണിറ്റിന് 100 രൂപ നിരക്കിലും, വെസ്റ്റ് കോസ്റ്റ് ടാൾ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡി നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.
9. 39 വർഷത്തെ സേവനത്തിന് ശേഷം, നിർലേപ് സിംഗ് റായ് വിരമിച്ചതിനെ തുടർന്ന് നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ ചെയർമാനും മാർക്കറ്റ് ഡയറക്ടറുമായി അതുൽ ബി പട്ടേൽ ചുമതലയേറ്റു. ഫെർട്ടിലൈസേഴ്‌സ് ഇൻഡസ്‌ട്രിയിൽ മാർക്കറ്റിംഗ്, പേഴ്‌സണൽ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ അദ്ദേഹത്തിന് 32 വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. ഇതിനുമുമ്പ് രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അതുൽ ബി പട്ടേൽ. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാതത്തിൽ NFL ഉൽപന്നങ്ങളുടെ എക്കാലത്തെയും മികച്ച വിപണനം കാഴ്ച വച്ചതിൽ അതുൽ ബി പട്ടേലിന് വലിയ പങ്കുണ്ട്. എൻഎഫ്എല്ലിന്റെ അഞ്ച് വാതക അധിഷ്ഠിത അമോണിയ-യൂറിയ പ്ലാന്റുകളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
10. ഇന്ന് ലോക നാളികേര ദിനം. ആഗോളതലത്തിൽ നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നത്. തെങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുക, വിള സംരക്ഷിക്കുക എന്നിവ വഴി നാളികേര സംരക്ഷണ മേഖലയിൽ സമഗ്രവികസനം സാധ്യമാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഇന്ത്യയുൾപ്പെടെ തെങ്ങ് മുഖ്യവിളയായ 20 രാജ്യങ്ങൾ ചേർന്നാണ് ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. 1999ലാണ് ആദ്യമായി നാളികേര ദിനം ആചരിച്ചത്. ശോഭനമായ ഭാവിക്കും ജീവിതത്തിനും വേണ്ടി തെങ്ങുകൃഷി ചെയ്യാം എന്നതാണ് ഈ വർഷത്തെ നാളികേര ദിനത്തിന്റെ സന്ദേശം.
11. കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മധ്യകേരളത്തിൽ മഴയുടെ ശക്തി കൂടും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.