വിവിധ മേഖലകളില്‍ സമഗ്രമായ പുരോഗതി കൈവരിച്ച് കേരളം മുന്നേറുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന മുന്നേറ്റ ജാഥ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. നവ കേരള സൃഷ്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വികസന മേഖലകളിലും വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ വലിയ മുന്നേറ്റം കൈവരിച്ചു കഴിഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം പുതിയ തലമുറയ്ക്ക് നല്‍കുക, ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ സൗജന്യ ചികിത്സയിലൂടെ ലഭ്യമാക്കുക, റോഡുകളുടെ നിര്‍മാണം അടക്കം മികച്ച ഗതാഗത സൗകര്യം ഒരുക്കുക, സാമൂഹിക ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുക, കുട്ടികളുടെയും വയോധികരുടെയും സംരക്ഷണം ഉറപ്പാക്കുക തുടങ്ങി വിവിധ മേഖലകളിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ നല്‍കി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പല കാര്യങ്ങളിലും രാജ്യത്ത് ഒന്നാമത് എത്താന്‍ നമുക്കു കഴിഞ്ഞു എന്നതാണ് നേട്ടം. വിവിധ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ടു പോകാന്‍ കേരളത്തിനു കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടന്ന് ചെയ്യാന്‍ സാധിക്കുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരു ക്ഷേമ പദ്ധതിയും സാമ്പത്തിക ബുദ്ധിമുട്ടുകാരണം നിര്‍ത്തലാക്കിയിട്ടില്ല. എല്ലാ ക്ഷേമ പദ്ധതികളും മുന്നോട്ടു പോകുകയാണ്. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം പെന്‍ഷന്‍ തുക വെട്ടിക്കുറച്ചിട്ടില്ല.
വിലക്കയറ്റത്തെ നേരിടാന്‍ പൊതുവിതരണ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. റേഷന്‍ വിതരണം ഏറ്റവും മികച്ച നിലയില്‍ കാര്യക്ഷമമായാണ് നടക്കുന്നത്. സൗജന്യമായാണ് ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. കോവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ പണം നല്‍കി ചികിത്സ നേടേണ്ട സ്ഥിതി ഉണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ കോവിഡ് കാലം മുതല്‍ സൗജന്യ ചികിത്സ കൂടുതല്‍ ശക്തിപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മികച്ച കെട്ടിടങ്ങളും ക്ലാസ് മുറികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ വളരെയേറെ ശ്രദ്ധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു.
ഭവനനിര്‍മാണ രംഗത്ത് അദ്ഭുതകരമായ മുന്നേറ്റമാണ് ഉണ്ടായത്. മൂന്നരലക്ഷത്തോളം വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനരഹിതര്‍ക്ക് നിര്‍മിച്ചു നല്‍കി. മൂന്നുലക്ഷം വീടുകള്‍ കൂടി നിര്‍മിക്കും. 10 വര്‍ഷം കൊണ്ട് ആറു ലക്ഷത്തില്‍ അധികം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ പരമാവധി തൊഴില്‍ നല്‍കുന്നതിന് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സംസ്ഥാനതല സംരംഭക സംഗമം എറണാകുളത്ത് നടത്തി. ജില്ലകളില്‍ എല്ലാം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. ഒരു ലക്ഷം സംരംഭകര്‍ പുതുതായി മുന്നോട്ടു വന്നിട്ടുണ്ട്. സമ്പൂര്‍ണ ശുചിത്വത്തിലേക്കും കേരളം നീങ്ങുകയാണ്. സംസ്ഥാനത്തെ ആകെ മാലിന്യ മുക്തമാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. ഈ ശ്രമങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഹ്രസ്വവീഡിയോകള്‍ ജനവാസകേന്ദ്രങ്ങളിലും ജംഗ്ഷനുകളിലും പ്രദര്‍ശന വാഹനമെത്തി എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും പ്രദര്‍ശന വാഹനം പര്യടനം നടത്തും. ആദ്യ ദിവസം റാന്നി നിയോജകമണ്ഡലത്തില്‍ പ്രദര്‍ശനം നടത്തി. 21ന് കോന്നി, 22ന് അടൂര്‍, 23ന് ആറന്മുള, 24ന് തിരുവല്ല നിയോജകമണ്ഡലങ്ങളില്‍ പ്രദര്‍ശന വാഹനം പര്യടനം നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്