വിലക്കയറ്റം നിയന്ത്രിക്കാൻ തുർക്കി, ഈജിപ്ത്, ഇറ്റലി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു കൂടി സവാള ഇന്ത്യയിലെത്തും. കേരളത്തിന്റെ വിഹിതമായി അടുത്ത 2 മാസത്തേക്കു കണക്കാക്കി 600 ടൺ സവാള ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര നിർദേശമനുസരിച്ചു സപ്ലൈകോ ഓഫിസർമാർ 10നു..മുംബൈ തുറമുഖത്തെത്തി സവാള കൊണ്ടുവരാൻ ഏർപ്പാടാക്കുമെന്നു മന്ത്രി പി.തിലോത്തമൻ അറിയിച്ചു.
ഒരു മാസത്തേക്കു 300 ടൺ ആണു കേരളം ചോദിച്ചത്. ആഴ്ചയിൽ 75 ടൺ വീതം വാങ്ങാനായിരുന്നു തീരുമാനം.ക്രിസ്മസ് വിപണിയിൽ കൂടുതൽ ആവശ്യം വരുമെന്നതിനാൽ പിന്നീടു രണ്ടുമാസത്തേക്കുള്ളത് ഒന്നിച്ച് ആവശ്യപ്പെടുകയായിരുന്നു. വിലയും മറ്റും കേന്ദ്രമാണ് തീരുമാനിക്കുന്നത്. വിദേശ സവാള സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ വഴി വില കുറച്ചു വിൽക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാമെന്നാണു പ്രതീക്ഷ.