തൃശ്ശൂർ: കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുന്നതിനുള്ള സമഗ്ര പരിഷ്കരണമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വേണ്ടതെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോകത്തിന് മുന്നിൽ കേരളത്തെ അറിവിൻ്റെ കേന്ദ്രമായി മാറ്റാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും നൽകിയ ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അക്കാദമിക് തലത്തിൽ കേരളം ലോകത്തിന് മാതൃകയാണ്. പൊതു വിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി പത്ത് ലക്ഷം വിദ്യാർത്ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയത്. സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെ ഹൈടെക് നിലവാരത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിൽ എന്ന പോലെ ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ഓരോ വിദ്യാർത്ഥികൾക്കും കഴിയണം. നല്ല വ്യക്തിത്വങ്ങളായി മാറാൻ പരിശ്രമിക്കണമെന്നും ഇക്കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സി സി മുകുന്ദൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ടി ബി മായ, ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഇന്ദുലാൽ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള മെമൻ്റോകളും ചടങ്ങിൽ വിതരണം ചെയ്തു.