27 കോടി രൂപ ചെലവിൽ 43,500 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാലയിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യാഭ്യാസ പഠന ഗവേഷണ രംഗത്തെ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 15 ഐ.ടി പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സർവകലാശാലയിൽ മൂന്ന് പദ്ധതികൾ, സി-ഡിറ്റിൽ നാല് പദ്ധതികൾ, കൊച്ചി ഇൻഫോപാർക്കിൽ ഒരു പദ്ധതി, ഐസി ഫോസിൽ അഞ്ച് പദ്ധതികൾ, ഐ.ടി മിഷന്റെ രണ്ട് പദ്ധതികൾ എന്നിവയാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്.
ഡിജിറ്റൽ സർവകലാശാലയിൽ അന്താരാഷ്ട്ര ഹോസ്റ്റൽ ബ്ലോക്കിന്റെ ശിലാസ്ഥാപനം, പ്രിന്റഡ് സർക്യൂട്ട് ബോർഡ് ലാബ്, ഇലക്ട്രോണിക്‌സ് ലാബ് എന്നിവയാണ് പുതിയ പദ്ധതികൾ. ഡിജിറ്റൽ സാങ്കേതിക പഠന ഗവേഷണ രംഗത്തെ ഹബ്ബായി മാറുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിലെയും ഹബ്ബായി കേരളം മാറുന്ന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ നാട്ടിലെ വിദ്യാർഥികൾ പുതുതലമുറ കോഴ്‌സുകളിലും ആധുനിക സൗകര്യങ്ങളിലും ആകൃഷ്ടരായാണ് പുറത്തെ സർവകലാശാലകളിൽ പഠിക്കാൻ പോകുന്നത്. പുതിയ കോഴ്‌സുകളും സൗകര്യങ്ങളും ഇവിടെ തന്നെ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതോടെ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠനാർത്ഥം കേരളത്തിലേക്ക് എത്തും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം നിർമിക്കുന്നത്. ഡിജിറ്റൽ സർവകലാശാലക്ക് പുറമേ സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലും അന്താരാഷ്ട്ര ഹോസ്റ്റൽ കെട്ടിടം നിർമിക്കാൻ നടപടികൾ എടുത്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സർവകലാശാലയിൽ സജ്ജമാക്കിയ ഇലക്ട്രോണിക് ലാബിൽ വി.സി.ബി നിർമിക്കാനും അസംബ്ലിങ്ങ് സേവനങ്ങൾ ലഭ്യമാക്കാനും കഴിയും. സ്റ്റാർട്ടപ്പുകൾക്കും വിദ്യാർഥികൾക്കും ഇത് വലിയ പ്രയോജനം ചെയ്യും. ഇതിന്റെ ഭാഗമായി പ്രത്യേക സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഒരുക്കിയിട്ടുണ്ട്.
കേരള ഡിജിറ്റൽ സർവകലാശാല രൂപംകൊണ്ട ശേഷം മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. സർവകലാശാലക്ക് അനുബന്ധമായി ഡിജിറ്റൽ സയൻസ് പാർക്ക് അടുത്തിടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന് തന്നെ മാതൃകയാണ് ഡിജിറ്റൽ സയൻസ് പാർക്ക് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരത്തിൽ നാല് ഡിജിറ്റൽ സയൻസ് പാർക്കുകളാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. അവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഈ വർഷം തന്നെ തുടങ്ങും.
പുതിയ കാലത്തിനനുസൃതമായി സാങ്കേതിക പ്രതിഭകളെ വളർത്തിയെടുക്കൽ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അതിനുതകുന്ന അക്കാദമിക ഗവേഷണ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളെ കോർത്തിണക്കി അക്കാദമിക സ്ഥാപനങ്ങൾ തമ്മിലും അക്കാദമിക സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങൾ തമ്മിലും ശക്തമായ ബന്ധം സ്ഥാപിക്കാൻ ആണ് ഡിജിറ്റൽ സർവകലാശാല ഉദ്ദേശിക്കുന്നത്.
കൊച്ചി ഇൻഫോപാർക്ക് ഫേസ്-2 ൽ ഉള്ള ജോതിർമയ കെട്ടിടത്തിലെ ആറാം നിലയിൽ 35,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒൻപത് പ്ലഗ് ആന്റ് പ്ലെ ഓഫീസുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇവയിൽ വിവിധ കമ്പനികൾ പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 10000 കോടിയിൽപ്പരം രൂപയുടെ സോഫ്റ്റ്വെയർ കയറ്റുമതിയാണ് ഇൻഫോപാർക്ക് നേടിയത്. 2016 മുതൽ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള മൂന്ന് ഐ.ടി പാർക്കുകളിലുമായി 54,078 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിൽ 32,000 എണ്ണം ഇൻഫോപാർക്കിലും 20,000 എണ്ണം ടെക്‌നോപാർക്കിലും 1978 എണ്ണം കോഴിക്കോട്ട് സൈബർ പാർക്കിലുമാണ്.
5 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായുള്ള ആധാർ എൻറോൾമെന്റ് സോഫ്‌റ്റ്വെയർ, സി-ഡിറ്റിന്റെ കീഴിൽ ഡോക്യുമെന്റ് ഹെറിറ്റേജ് ഡിജിറ്റലൈസേഷൻ കോഴ്‌സ്, യൂണികോഡ് മലയാളം ഫോണ്ടുകൾ, ഓൺലൈൻ പരീക്ഷയുടെ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനം, ഐ.സിഫോസിന് കീഴിൽ വിദ്യാർഥികൾക്കായുള്ള ലൈറ്റിംഗ് അസിസ്റ്റ് ഉപകരണം, പെർസപ്ച്വൽ മോട്ടോർ സ്‌കിൽസ് അസിസ്റ്റ് ഉപകരണം, സെൻസറി അക്ഷരമാല തുടങ്ങിയ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തവയിൽ ഉൾപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്‌സിങ്
Photo Courtesy: Madhyamam