കേരളത്തിലെ ഏറ്റവും പുതിയ വന്യജീവി സങ്കേതമായി മലപ്പുറം ജില്ലയിലെ കരിമ്പുഴ വന്യജീവി സങ്കേതത്തെ പ്രഖ്യാപിച്ചു. കരിമ്പുഴ വന്യജീവി സങ്കേതം യാഥാര്‍ത്ഥ്യമായതോടെ കേരളത്തില്‍ 18 വന്യജീവി സങ്കേതങ്ങളായി. ഇത് മലപ്പുറത്തിന്റെ വിനോദ സഞ്ചാര ജൈവവൈവിധ്യ ഭൂപടത്തിലേക്ക് ഒരു പുതിയ പുത്തൻ അധ്യായമാണ്.കാളികാവ് റേഞ്ചിലെ 12.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വടക്കേക്കോട്ട മലവാരവും സമീപ പ്രദേശങ്ങളും ചേർന്ന് 227.97ചതുരശ്ര കിലോമീറ്ററിലാണ് കരിമ്പുഴ വന്യജീവി സങ്കേതം വന്നിരിക്കുന്നത്
എന്നാല്‍ ഏഷ്യയിലെ അതിപുരാതന ഗോത്രവര്‍ഗമായ ചോലനായ്ക്കര്‍ താമസിക്കുന്ന മാഞ്ചീരി കോളനി വന്യജീവി സങ്കേതത്തില്‍ നിന്നും ഒഴിവാക്കി.കോളനി മാത്രമല്ല, തേക്ക് തോട്ടങ്ങളും ഇതിൽ നിന്നും മാറ്റിയിട്ടുണ്ട്. മനുഷ്യൻ കയറാത്ത വനമെന്ന പ്രത്യേകതയും ഈ വനപ്രദേശത്തിനുണ്ട്. ചെങ്കുത്തായി കിടക്കുന്ന പ്രത്യേക ഭൂപ്രകൃതി തന്നെയാണ് ഇവിടെ മനുഷ്യരെത്തുന്നതിൽ നിന്നും തടയുന്നത്. കേരളത്തിൽ ഇന്നു കാണുന്ന ഏഴു തരത്തിലുള്ള വനപ്രദേശങ്ങളും ഈ വന്യജീവി സങ്കേതത്തിനുള്ളിൽ കാണുവാൻ സാധിക്കും. 226 ഇനം പക്ഷികൾ, 23 ഇനം ഉഭയ ജീവികൾ, 33 ഇനം ഉരഗങ്ങൾ, 41 ഇനം സസ്തനികൾ, കൂടാതെ കരിങ്കുരങ്, ഹനുമാൻ കുരങ്ങ്, വരയാട് വിവിധ തരത്തിലുള്ള ചിത്രശലഭങ്ങള്‍, ചെറു ജീവികള്‍ തുടങ്ങിയവയെയും ഇവിടെ കാണുവാൻ സാധിക്കും. മടക്ക് പര്‍വ്വതങ്ങളും അഗാധ താഴ്വരകളും പരുക്കന്‍ ഭൂപ്രദേശവും തെന്നിന്ത്യയിലെ പ്രധാന സസ്യജാലങ്ങളുടെ മേളനത്തിന് പര്യാപ്തമാക്കുന്ന ഒന്നാണ്. ഈ പ്രദേശത്തിന്റെ ഭൗമോപരിതലത്തിന്റെ പ്രത്യേകതയും അപൂര്‍വ്വ സസ്യ ജന്തുജാലങ്ങളുടെ സാന്നിധ്യവും സംബന്ധിച്ച് നടന്ന ഒട്ടേറെ പഠനങ്ങള്‍ ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം വെളിപ്പെടുത്തുന്നവയും അതിന്റെ ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവയുമായിരുന്നു