ന്യൂ ഡൽഹി: ന്യൂ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി 2023 സെപ്റ്റംബർ 8 മുതൽ 10 വരെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ ഒരു 'ക്രാഫ്റ്റ്സ് ബസാർ' (പ്രദർശനവും വിപണനവും) സംഘടിപ്പിച്ചിരിക്കുന്നു. ഈ ക്രാഫ്റ്റ്‌സ് ബസാർ കരകൗശല ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഒരു ജില്ല ഒരു ഉൽപ്പന്നത്തിൽ (ODOP) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും ആദിവാസി കരകൗശല വിദഗ്ധരും തയ്യാറാക്കിയ ജി ഐ ടാഗ് ചെയ്ത ഇനങ്ങളും ഉൽപ്പന്നങ്ങളും ഇവിടെ പ്രദർശിപ്പിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും അന്താരാഷ്‌ട്ര മാധ്യമങ്ങൾക്കും ഈ കരകൗശല വിപണി സന്ദർശിക്കാനും പ്രാദേശികമായ ഉൽപന്നങ്ങൾ വാങ്ങാനും അവസരമുണ്ട്. അങ്ങനെ, ഇതിലൂടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക കരകൗശലത്തൊഴിലാളികൾക്ക് പുതിയ സാമ്പത്തിക, വിപണി അവസരങ്ങൾ തുറക്കുകയും ചെയ്യും. ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെയും സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റുകളുടെയും ഏകോപനത്തോടെ ജി20 സെക്രട്ടേറിയറ്റാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മുപ്പതോളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൂടാതെ ഖാദി വില്ലേജ് & ഇൻഡസ്ട്രീസ് കമ്മീഷൻ, TRIFED, സരസ് ആജീവിക, നാഷണൽ ബാംബൂ മിഷൻ തുടങ്ങി ആറ് കേന്ദ്ര ഏജൻസികളും കരകൗശല ബസാറിൽ പങ്കെടുക്കും.
പാചക പാത്രങ്ങൾ, പ്രത്യേകിച്ച് ദൈവങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള പാത്രങ്ങൾ അഥവാ ഉരുളി നിർമ്മിക്കുന്നതിന് പേരുകേട്ട ചെമ്പ് സങ്കര നിർമ്മാണ കേന്ദ്രമാണ് കേരളത്തിലെ നടവരമ്പ. കരകൗശല വിദഗ്ധരുടെ അസാധാരണമായ വൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നതുo അധ്വാന-തീവ്രമായ പ്രക്രിയകളും പരമ്പരാഗത സാങ്കേതിക വിദ്യകളും ഉൾപ്പെടുന്നതുമാണ് കേരളത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലോഹ നിർമാണ പാരമ്പര്യo.