എറണാകുളം: ഖാദി ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയ്ക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മില്ലുങ്കൽ ജംഗ്ഷനിലെ ആഗ്രോമാർട്ട് കോംപ്ലക്സിലാണ് പ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ടീച്ചർ നിർവഹിച്ചു.
ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സിൽക്ക് സാരി, ബെഡ്ഷീറ്റ്, ഷർട്ട് തുണികൾ, മുണ്ടുകൾ തുടങ്ങി എല്ലാവിധ ഖാദി ഉൽപ്പന്നങ്ങളും ഖാദി ഗ്രാമ ഉൽപ്പന്നങ്ങളും 30% വിലക്കുറവിലാണ് മേളയിൽ നൽകുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് മേളയുടെ സമയം. മേള ജനുവരി അഞ്ചിന് അവസാനിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഖാദി മേഖലയ്ക്ക് മുതല്‍ കൂട്ടായി മാത്തൂരില്‍ ഉത്പാദന കേന്ദ്രം വരുന്നു
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ മേള സംഘടിപ്പിക്കുക എന്ന ഖാദി ബോർഡ് ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ആമ്പല്ലൂർ പഞ്ചായത്തിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോയ്, സുനിത സണ്ണി, ബീന മുകുന്ദൻ, ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ പി എ അഷിത, ഓഡിറ്റർ ഫ്രാൻസിസ് സേവിയർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ജെസ്സി ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.