തിരുവനന്തപുരം: ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സംസ്ഥാന ഓഫീസിന്‍റെയും ലക്ഷദീപ് ഖാദി ബോർഡിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ലക്ഷദീപിലെ കവരത്തിയിൽ 31-10-2023 മുതൽ 01-11-2023 വരെ ഖാദി മഹോത്സവവും മിനി എക്സിബിഷനും നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. പ്രഫുൽ ഖോഡ പട്ടേൽ പവലിയൻ സന്ദർശിച്ചു. വളരെ മികവുറ്റ രീതിയിൽ മിനി എക്‌സിബിഷൻ സംഘടിപ്പിച്ചതിൽ അഡ്മിനിസ്‌ട്രേറ്റർ അഭിനന്ദനം രേഖപ്പെടുത്തി. കൂടാതെ കേന്ദ്ര ഭരണ പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ദീപുകളിലുടനീളം ഖാദി ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ വിപണനം ത്വരിതപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ അദ്ദേഹം ലക്ഷദീപ് ഖാദി ബോർഡിനു നൽകി.
എക്സിബിഷനോടനുബന്ധിച്ചു ഖാദി സ്പിന്നിങ് ലൈവ് ഡെമോ, ഖാദി തുണിത്തരങ്ങളുടെയും റെഡിമെയ്‌ഡുകളുടെയും വിൽപ്പനയും പ്രദർശനവും, സ്വയം സഹായ സംഘങ്ങളുടെ കരകൗശല വസ്തുക്കളുടെ പ്രദർശനവും ക്രമീകരിച്ചിരുന്നു. ഖാദി സ്പിന്നിംഗിന്റെ തത്സമയ ഡെമോ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ സന്ദർശകർക്ക് നൽകാൻ സഹായിച്ചു.
ഖാദി മഹോത്സവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ഒരു സെൽഫി പോയിന്‍റ് ക്രമീകരിച്ചത്, പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
ലക്ഷദ്വീപ് രൂപീകരണ ദിനാചരണത്തോടനുബന്ധിച്ചാണ് മിനി പ്രദർശനം ഒരുക്കിയത് അതിനോടനുബന്ധിച്ചു നടത്തിയ വിവിധ സാംസ്കാരിക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ അഡ്മിനിസ്‌ട്രേറ്റർ ഉദ്ഘാടനം ചെയ്തു. വൻ ജനപങ്കാളിത്തത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാമിനെക്കുറിച്ചുള്ള (പിഎംഇജിപി) ലഖുലേഖ സന്ദർശകർക്ക് വിതരണം ചെയ്തു. സ്കൂൾ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തിയ പ്രദർശനം വൻ ജനശ്രദ്ധ നേടി.